തിരുവനന്തപുരം: നിയമസഭയിലെ പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് മുഖ്യമന്ത്രി. സ്വര്‍ണക്കടത്ത് കേസിലും ഇ.ഡി.യുടെ അന്വേഷണത്തിലും നേരത്തെ എടുത്ത നിലപാടില്‍നിന്ന് പ്രതിപക്ഷ നേതാവ് മാറിയതിന് ആദ്യമേ തന്നെ നന്ദി പറയുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പരിഹാസം.
സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യലിനായി ഇ.ഡി. വിളിപ്പിച്ച ഈ ദിവസം നിയമസഭയില്‍ അധികനേരം ഇരിക്കാന്‍ പ്രതിപക്ഷ നേതാവിന് സമയം കിട്ടുമോ എന്ന് സംശമുണ്ട്. ഇ.ഡി. ചോദ്യം ചെയ്യലില്‍ പ്രതിഷേധിച്ച് രാജ്ഭവനില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് പോവേണ്ടിവരും. അത്തരമൊരു പരിപാടി നടക്കുന്ന ദിവസം ഈ സബ്മിഷനില്‍ ഇ.ഡി.യെക്കുറിച്ച് കൃത്യതയോടെത്തന്നെ അദ്ദേഹം പറഞ്ഞിരിക്കുകയാണെന്നും മുഖ്യന്ത്രി പറഞ്ഞു.
ഇ.ഡി. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു, വേണ്ടപ്പെട്ടവരെ അവര്‍ ചേര്‍ത്തുപിടിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് സഭയില്‍ ഉന്നയിച്ചത്. അതിനോടൊപ്പംതന്നെ, ഇ.ഡി. അവരുടെ ജൂറിസ്ട്രിക്ഷന്‍ കടന്നുപോവുകയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരിഹാസം
