ഇൻഡി​ഗോ വൃത്തിക്കെട്ട കമ്പനി, നടന്നു പോയാലും ഇനി അതിൽ കയറില്ലെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: ഇൻഡി​ഗോ നിലവാരമില്ലാത്ത വൃത്തിക്കെട്ട കമ്പനിയാണെന്ന് എൽ ഡി എഫ് കൺവീനർ ഇ.പി.ജയരാജൻ. മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന വിമാനത്തിലുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇ.പി.ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്നത്തെ ടിക്കറ്റ് റദ്ദാക്കി. നിയമവിരുദ്ധമായ നടപടിയാണ് ഇൻഡിഗോ കമ്പനി സ്വീകരിച്ചത്. നടന്നു പോയാലും ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി കയറില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവർ ക്രിമിനലുകളാണെന്ന് അറിഞ്ഞിട്ടും ഇൻഡിഗോ കമ്പനി ടിക്കറ്റ് നൽകുകയായിരുന്നെന്ന് ഇ.പി.ജയരാജൻ ആരോപിച്ചു. ജൂൺ 13ന് താനും ഭാര്യയും ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തിരുന്നു. മുഖ്യമന്ത്രിയും വിമാനത്തിലുണ്ടായിരുന്നു. ഭീകരവാദികളുടെ ഭീഷണി നിലനിൽക്കുന്ന ആളാണ് മുഖ്യമന്ത്രി. ആർഎസ്എസ് നേതാവ് രണ്ടു കോടിരൂപയാണ് മുഖ്യമന്ത്രിയുടെ തലയ്ക്കു വില പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിക്കുനേരെ വിമാനത്തിൽ പ്രതിഷേധിച്ചവരെ തടഞ്ഞതിനുശേഷം, കമ്പനിയുടെ ഓൺലൈൻ ചർച്ചയിൽ പങ്കെടുക്കണമെന്ന് കാട്ടി അറിയിപ്പു ലഭിച്ചു. 12ന് പങ്കെടുക്കാനായിരുന്നു നിർദേശം. അന്ന് പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അഭിഭാഷകൻ വിശദാംശങ്ങൾ അറിയിക്കുമെന്നും കമ്പനിയെ അറിയിച്ചു. അതിനുശേഷം ഒരു തരത്തിലുമുള്ള വിവരവും കമ്പനിയിൽനിന്ന് ലഭിച്ചില്ല. ഇന്ന് രാവിലെയാണ് വിലക്കേർപ്പെടുത്തിയ വാർത്ത കണ്ടത്. അപ്പോൾ തനിക്ക് ഇതേക്കുറിച്ചു വിവരം ഇല്ലായിരുന്നു. പിന്നീട് അന്വേഷിച്ചപ്പോൾ ഇവിടുത്തെ ഇൻഡിഗോ കമ്പനിക്കു നിർദേശം അയച്ചു കൊടുത്തതായി അറിയാൻ കഴിഞ്ഞു.

സെഡ് കാറ്റഗറിയുള്ള ആൾ സഞ്ചരിക്കുന്ന വിമാനത്തില്‍ ക്രിമിനൽ കേസിലെ പ്രതി അടക്കം 3 അംഗ സംഘം ടിക്കറ്റ് എടുത്ത് കയറി. ഈ മൂന്നു പേർക്കും ടിക്കറ്റ് കൊടുക്കരുതായിരുന്നു. ഗുരുതരമായ വീഴ്ചയാണ് ഇൻഡിഗോയ്ക്കു പറ്റിയതെന്നും അദ്ദേഹം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *