ഇന്ത്യ വില്പനയ്ക്ക്; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ക്യാംപയിന്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ധനസമ്പാദന പൈപ്പ് ലൈനിനെതിരെ ട്വിറ്ററില്‍ ക്യാംപെയ്ന്‍. ഇന്ത്യ വില്‍പനയ്ക്ക് (IndiaonSale) എന്ന ഹാഷ്ടാഗിലാണ് ക്യാംപെയ്ന്‍.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരംഭിച്ച ക്യാംപെയ്ന്‍ വളരെ പെട്ടെന്നാണ് ട്രെന്‍ഡിംഗായത്. അവര്‍ ആദ്യം വിറ്റത് ആദരവും ബഹുമാനവുമാണ് എന്ന് ട്വീറ്റ് ചെയ്താണ് രാഹുല്‍ ക്യാംപെയ്ന്‍ ആരംഭിച്ചത്. ഇതിന് പിന്നാലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ക്യാംപെയന്‍ ആരംഭിച്ചു. ഇതോടെ കേന്ദ്രസര്‍ക്കാരിന്റെ വിറ്റഴിക്കല്‍ നയത്തെ വിമര്‍ശിച്ച് നിരവധി പേര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.

70 വര്‍ഷം കൊണ്ട് പൊതുപണം ചിലവഴിച്ച് പടുത്തുയര്‍ത്തിയ രാജ്യത്തിന്റെ സ്വത്ത് നരേന്ദ്ര മോദി തന്റെ വ്യവസായി സുഹൃത്തുക്കള്‍ക്ക് വേണ്ടി വില്‍ക്കുകയാണെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തി വിറ്റ് ആറുലക്ഷം കോടി രൂപ നേടാനുള്ള പാക്കേജാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. റോഡ്, റെയില്‍വേ, ഊര്‍ജം,വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, സംഭരണശാലകള്‍, വൈദ്യുതി നിലയങ്ങള്‍, ഖനികള്‍ തുടങ്ങി 13 അടിസ്ഥാനസൗകര്യ മേഖലകളിലെ ഇരുപതിലധികം ആസ്തികളില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടു വന്നാണ്ഇത്രയും തുക സമാഹരിക്കുകയെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *