സഞ്ജയ് ദേവരാജൻ

ഈയിടെ നടന്ന തമിഴ്നാട്, കേരളം, പശ്ചിമബംഗാൾ തെരഞ്ഞെടുപ്പുകൾ ബിജെപിക്കും, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തിരിച്ചടിയാണ് നൽകിയത്.
ഇതിനെ തുടർന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിക്ക് ശക്തമായ ബദൽ എന്ന ചർച്ച ഉയർന്നുവന്നു. ശരത് പവാറിന്റെയും, മമതാബാനർജി യുടെയും, നേതൃത്വത്തിൽ മൂന്നാം മുന്നണിയുടെയും നാലാം മുന്നണിയുടെയും ചർച്ചകൾ നടന്നു എന്ന് പത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോൺഗ്രസിനെ ഒഴിവാക്കി നടന്ന ചർച്ചകളിൽ കോൺഗ്രസ് അമർഷവും പ്രകടിപ്പിച്ചു.
2014 വികസിത ഇന്ത്യ എന്ന വാഗ്ദാനം നൽകി അധികാരത്തിൽവന്ന നരേന്ദ്ര മോഡിയിൽ നിന്ന് വാഗ്ദാനങ്ങളിൽ പറയുന്നതുപോലെയുള്ള ഭരണം ഉണ്ടായില്ല എന്ന വിലയിരുത്തൽ പൊതുവേ ഇന്ത്യൻ ജനതയിൽ പ്രതിഫലിച്ചു കാണുന്നു. എന്നാൽ സാമ്പത്തിക രാഷ്ട്രീയ നയങ്ങളിൽ ശക്തമായ ഒരു രാഷ്ട്രീയ ബദൽ ഇന്ത്യയിലില്ല എന്നതും, നരേന്ദ്രമോഡിയുടെ വ്യക്തി പ്രഭാവത്തെ ദേശീയതലത്തിൽ എതിർക്കാൻ പോന്ന നേതാവിന്റെ കുറവും ഇന്ത്യൻ പ്രതിപക്ഷത്തെ ദുർബലമാക്കുന്നു. ഇന്ധന വിലവർധനവിലും, വിലക്കയറ്റത്തിലും നട്ടംതിരിയുന്ന ഇന്ത്യൻ മധ്യവർഗ്ഗ ജനത പ്രതിപക്ഷത്തിന്റെ സമരാഹ്വാനങ്ങൾക്ക് ശ്രദ്ധ നൽകുന്നില്ല. എണ്ണക്കമ്പനികൾക്ക് പെട്രോളിന്റെ വില നിർണയാവകാശം നൽകിയ കോൺഗ്രസോ, മറ്റു പ്രതിപക്ഷ പാർട്ടികളോ, തങ്ങൾ അധികാരത്തിൽ വന്നാൽ എണ്ണക്കമ്പനികൾക്ക് വില ഉയർത്താൻ നൽകിയ അവകാശം തിരിച്ചെടുക്കും എന്നു പറയുന്നില്ല. ഇപ്പോഴത്തെ പെട്രോളിയം നയത്തിന് പകരമായി മറ്റൊരു നയത്തെ കുറിച്ചും മിണ്ടുന്നില്ല.
ബിജെപിയുടെ സമ്പൂർണ്ണ സ്വകാര്യവൽക്കരണം എന്ന ആശയത്തിന് പകരമായി തങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ജനതയോട് പറയാൻ യാതൊന്നും ഇന്ത്യൻ പ്രതിപക്ഷത്തിന്റെ പക്കൽ ഇല്ല.
ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് ബദലായി സെക്കുലർ രാഷ്ട്രീയം എന്ന ആശയം ഇന്ത്യൻ ജനതയെ സുരക്ഷിതമായി മുന്നോട്ട് നയിക്കും എന്നുള്ള വിശ്വാസം ഇന്ത്യൻ ജനങ്ങൾക്ക് നൽകാനും ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ പരാജയപ്പെടുന്നു.
പ്രാദേശിക താൽപ്പര്യങ്ങൾക്ക് ഉപരിയായി ദേശീയതലത്തിൽ ഒരുമിച്ചു നിൽക്കാൻ പോലും ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾക്ക് കഴിയുന്നില്ല.
ഇന്ത്യൻ പ്രതിപക്ഷ ത്തിന്റെ ഇത്രയും ദുർബലമായ അവസ്ഥയ്ക്ക് കാരണം പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന്റെ നേതൃത്വം തന്നെയാണ്. ജവഹർലാൽ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും പിന്മുറക്കാരൻ ആയ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇന്ത്യൻ ജനതയെ പോയിട്ട് കോൺഗ്രസുകാരെ പോലും ഒന്നിച്ചു നിർത്താൻ സാധിക്കുന്നില്ല. രാഷ്ട്രീയത്തിൽ യാതൊരു താൽപര്യവും ഇല്ലാതെ കുടുംബാധിപത്യത്തിന്റെയും മറ്റ് സമ്മർദ്ദങ്ങളുടെ യുമൊക്കെ ഫലമായാണ് രാഹുൽഗാന്ധി കോൺഗ്രസ് രാഷ്ട്രീയത്തിൽ വന്നത്. 2019ലെ ഭീമമായ തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് അദ്ദേഹം കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു. തുടർന്ന് വീണ്ടും വൃദ്ധയും രോഗിയും ആയ സോണിയാഗാന്ധിയെ താൽക്കാലിക പ്രസിഡന്റ് ആക്കി.
പിന്നെ തുടർച്ചയായി എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് തോറ്റു കൊണ്ടേയിരുന്നു. മധ്യപ്രദേശിലും, കർണാടകയിലും, പുതുച്ചേരിയിലും കൂറുമാറ്റത്തെ തുടർന്നു കോൺഗ്രസ് സർക്കാരുകൾ വീണു. കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറി.
കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയവർ പലരും രാഹുൽ ബ്രിഗേഡ് എന്ന് അറിയപ്പെടുന്ന രാഹുൽ ഗാന്ധിയുടെ സംഘത്തിലുണ്ടായിരുന്നവർ ആയിരുന്നു. രാഹുൽഗാന്ധി അകറ്റി നിർത്തിയിരുന്ന നേതാക്കൾ ഇപ്പോഴും കോൺഗ്രസിൽ തന്നെ ഉണ്ട് എന്നതു മറ്റൊരു വിരോധാഭാസം.
ഇപ്പോൾ രാഹുൽ ഗാന്ധി ശ്രമിക്കുന്നത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം എന്ന ഉത്തരവാദിത്വം ഏറ്റെടുക്കാതെ പിൻസീറ്റ് ഡ്രൈവിംഗ് ലൂടെ കോൺഗ്രസിനെ നിയന്ത്രിക്കുക എന്നതാണ്. ഇത് രാഹുൽഗാന്ധിക്കും കോൺഗ്രസിനും ഗുണം ചെയ്യുകയില്ല എന്ന തിരിച്ചറിവ് രാഹുൽഗാന്ധി ഉണ്ടാകേണ്ടതുണ്ട്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു രാഹുൽഗാന്ധി പറയുകയുണ്ടായി, അധ്യക്ഷത സ്ഥാനം രാജി വെച്ചെങ്കിലും നരേന്ദ്രമോഡിയുടെ കേന്ദ്രസർക്കാരിനെതിരെ അതിശക്തമായ പോരാട്ടവുമായി താൻ ഉണ്ടാകുമെന്ന്. ഈ പറഞ്ഞതിന് എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ശക്തമായ ഒരു നേതൃത്വം കോൺഗ്രസിന് ഉണ്ടാവേണ്ടതുണ്ട്. ഇതിനായി രാഹുൽ ഗാന്ധി വഴിമാറി കൊടുക്കേണ്ടത് ആവശ്യമാണ്. മറ്റൊരു ശക്തമായ നേതൃത്വവും നയങ്ങളും കോൺഗ്രസിന് ഉണ്ടാവണം.
ഇന്നും ഇന്ത്യയിൽ ഇരുന്നൂറ്റി അമ്പതോളം ലോക്സഭാ മണ്ഡലങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ആണ് പ്രധാന മത്സരം. കോൺഗ്രസിന്റെ നേതൃത്വം ഇല്ലാതെ ഇന്ത്യയിൽ മറ്റൊരു പ്രതിപക്ഷ ബദൽ ഇന്നത്തെ സാഹചര്യത്തിൽ പ്രായോഗികമല്ല.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിക്ക് ബദലായി പ്രതിപക്ഷ കക്ഷികൾക്ക് നിലനിന്നു പോണം എന്ന് ഉണ്ടെങ്കിൽ ശക്തമായ ഒരു നേതൃത്വവുമായി കോൺഗ്രസും, പ്രാദേശിക താല്പര്യങ്ങൾക്ക് ഉപരിയായി ദേശീയ താൽപര്യം മുൻനിർത്തി ഇന്ത്യൻ പ്രാദേശിക കക്ഷികളും കോൺഗ്രസ്സുമായി ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ട്.

