കാണ്ഡഹാര്‍: പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക് ജില്ലയിലെ താലിബാന്‍ ആക്രമണത്തിലാണ് ദാരുണാന്ത്യം. വാര്‍ത്താ ഏജന്‍സിയായ ‘റോയിട്ടേഴ്‌സിന്റെ ഫോട്ടോ ജേണലിസ്റ്റായ ഡാനിഷ് പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവാണ്. കാണ്ഡഹാറില്‍ താലിബാന്റെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായിട്ടാണ് സിദ്ദിഖി അഫ്ഗാനിസ്ഥാനിലെത്തിയത്.
അഫ്ഗാന്‍ സ്പെഷ്യല്‍ ഫോഴ്സിനൊപ്പമായിരുന്നു അദ്ദേഹം ഇവിടെയുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അഫ്ഗാന്‍ സേനയുടെ വാഹനങ്ങളെ താലിബാന്‍ റോക്കറ്റുകള്‍ ലക്ഷ്യം വെക്കുന്നതിന്റെ ഗ്രാഫിക് ചിത്രങ്ങള്‍ അടങ്ങിയ അദ്ദേഹത്തിന്റെ റിപ്പോര്‍ട് മൂന്നു ദിവസം മുന്‍പാണ് പുറത്തുവന്നത്. അഫ്ഗാന്‍ സേനയുടെ സംരക്ഷണത്തിലായിരുന്നു അദ്ദേഹം.
ഇന്ത്യാ ടുഡേയുടെ കറസ്പോണ്ടന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018ലാണ് ഡാനിഷ് സിദ്ദിഖിയും സഹപ്രവര്‍ത്തകനായ അദ്നാന്‍ അബിദിയും ചേര്‍ന്ന് ഫീച്ചര്‍ ഫോട്ടോഗ്രഫിയില്‍ പുലിസ്റ്റര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. റോഹിംഗ്യ അഭയാര്‍ത്ഥി പ്രശ്നത്തിലുള്ള അദ്ദേഹത്തിന്റെ വിവരമാണ് പുരസ്‌കാരം നേടി കൊടുത്തത്. ഡെല്‍ഹിയിലെ ശ്മശാനങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കത്തിക്കുന്ന സിദ്ദിഖിയുടെ ഡ്രോണ്‍ ചിത്രം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്.
