ആറ് ജില്ലകളില്‍ ആര്‍ടിപിസിആര്‍ പരിശോധന മാത്രം; വാര്‍ഡ്തല ലോക്ഡൗണ്‍ ആലോചനയില്‍

തിരുവനന്തപുരം: വാക്‌സിനേഷന്‍ എണ്‍പത് ശതമാനം പൂര്‍ത്തീകരിച്ച മൂന്നു ജില്ലകളിലും എണ്‍പത് ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആര്‍ ടി പി സി ആര്‍ പരിശോധന മാത്രം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. വയനാട്, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, ഇടുക്കി, കാസര്‍കോട് ജില്ലകളിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് മാത്രമാകും നടത്തുക. അതോടൊപ്പം എല്ലാ ജില്ലകളിലും ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സി.1.2 കോവിഡ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പരിശോധിക്കാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക സംവിധാനം ഒരുക്കും. അവരെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കുകയും ക്വാറന്റെയിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്ലതോതില്‍ വാക്‌സിന്‍ നല്‍കാനായിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് കൂടി എത്രയും പെട്ടെന്ന് നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജില്ലകള്‍ക്ക് വാക്‌സിന്‍ വിതരണം നടത്തുമ്പോള്‍ താരതമ്യേന കുറഞ്ഞ തോതില്‍ വാക്‌സിനേഷന്‍ നടന്ന ജില്ലകളെ പരിഗണിച്ച് ക്രമീകരണം ഉണ്ടാക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാക്‌സിനേഷന്‍ കണക്കെടുത്ത് ആനുപാതികമായി വാക്‌സിന്‍ നല്‍കാന്‍ ജില്ലകളും ശ്രദ്ധിക്കണം.

ഗ്രാമ പഞ്ചായത്തുകളില്‍ വാര്‍ഡുതലത്തില്‍ കോവിഡ് പരിശോധനാ വിവരങ്ങള്‍ ശേഖരിക്കും. ഇത് ലഭ്യമാകുന്ന മുറയ്ക്ക് വാര്‍ഡ്തല ലോക് ഡൗണാകും ഏര്‍പ്പെടുത്തുക.

വീടുകളില്‍ കഴിയുന്നവര്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനാല്‍ വീടുകളിലും എല്ലാവരും ആരോഗ്യ പ്രവര്‍ത്തകര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *