തൃക്കാക്കര: ജോ ജോസഫിനെതിരായ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത വ്യക്തി ലീഗ് അനുഭാവിയാണെന്ന ആരോപണം തള്ളി കെപിഎ മജീദ്. അബ്ദുൾ ലത്തീഫിന് ലീഗുമായി ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ദിവസം വിഷയം ആളി കത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പിടിയിലായ വ്യക്തിക്ക് ലീഗുമായി ബന്ധമുണ്ടെന്ന ആരോപണം കള്ളക്കഥയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചു.
തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത ആൾ പിടിയിലാകുന്നത് ഇന്ന് രാവിലെയാണ്. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൽ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇപ്പോൾ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാൾ ലീഗ് അനുഭാവിയാണെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.
