മലപ്പുറം : കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പി.കെ വാര്യര്‍ (100) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ ജൂണ്‍ 8നായിരുന്നു അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചത്. പത്മഭൂഷണ്‍, പത്മശ്രീ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. ആയുര്‍വേദ ചികിത്സാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു പി.കെ വാര്യര്‍.
ശ്രീധരന്‍ നമ്പൂതിരിയുടെയും കുഞ്ചിവാരസ്യാരുടെയും ഇളയമകനായി 1921 ജൂണിലായിരുന്നു ജനനം. പന്നിയമ്പള്ളി കൃഷ്ണന്‍കുട്ടി വാര്യര്‍ എന്ന പി.കെ. വാര്യരുടെ ജനനം. കോട്ടയ്ക്കല്‍ ഗവ. രാജാസ് സ്‌കൂളിലാണ് അദ്ദേഹം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വൈദ്യപഠനം വൈദ്യരത്നം പി.എസ്. വാര്യര്‍ ആയുര്‍വേദ കോളജിലും പൂര്‍ത്തിയാക്കി.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റിയായി 1944ല്‍ ചുമതലയേറ്റത് പി.കെ. വാര്യരുടെ മൂത്ത ജ്യേഷ്ഠനായ പി. മാധവ വാര്യരായിരുന്നു. 1953ല്‍ വിമാനാപകടത്തില്‍ അദ്ദേഹം മരിച്ചതിനു ശേഷം ഡോ.പി.കെ. വാര്യര്‍ ആര്യവൈദ്യശാലയുടെ ചുമതല ഏറ്റെടുത്തു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ധര്‍മാശുപത്രിയിലെ അലോപ്പതി ശാഖ, റിസര്‍ച്ച് വാര്‍ഡ്, ഔഷധത്തോട്ടം, ആയുര്‍വേദ ഗവേഷണ കേന്ദ്രം, പ്രസിദ്ധീകരണ വിഭാഗം എന്നിവയെല്ലാം പികെ. വാര്യരുടെ ദീര്‍ഘവീക്ഷണത്തിന്റെ ഉദാഹരണങ്ങളാണ്.
ആയുര്‍വേദ രംഗത്തെ സംഭാവനകളെ കണക്കിലെടുത്ത് ഒട്ടേറെ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. 1999ല്‍ പത്മശ്രീയും 2010ല്‍ പത്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1997ല്‍ ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഫറന്‍സ് ‘ആയുര്‍വേദ മഹര്‍ഷി’ സ്ഥാനം അദ്ദേഹത്തിന് സമര്‍പ്പിച്ചു.ധന്വന്തരി പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ അഷ്ടാരംഗരത്‌നം പുരസ്‌കാരം, ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്, പതഞ്ജലി പുരസ്‌കാരം, സി. അച്യുതമേനോന്‍ അവാര്‍ഡ്, കാലിക്കറ്റ്, എംജി സര്‍വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചു.
