കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് അര്ജുന് രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് വക്താവാക്കിയ തീരുമാനം മരവിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അര്ജുന് അടക്കം അഞ്ച് മലയാളികളാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവാക്കളുടെ പട്ടികയിലുള്ളത്. ആതിര രാജേന്ദ്രന്, നീതു ഉഷ, പ്രീതി, ഡെന്നി ജോസ്, എന്നിവരാണ് മറ്റു മലയാളികള്‍.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് അര്ജുന് രാധാകൃഷ്ണനെ വക്താവാക്കിയ തീരുമാനം ഗ്രൂപ്പ് വ്യത്യാസമില്ലാതെ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മരവിപ്പിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താക്കളുടെ നിയമനത്തില്‍ കെ സി വേണുഗോപാല്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് ഗ്രൂപ്പുകള്‍ രംഗത്തുവന്നിരുന്നു.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് വക്താവായുള്ള മകന്റെ നിയമനത്തില്‍ പ്രതികരിക്കാനില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമാക്കി. സ്ഥാനത്ത് നിന്നും മകനെ ഒഴിവാക്കിയത് യൂത്ത് കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യമാണ്. മകന് കൂടി ഉള്‍പ്പെട്ട വിഷയമായതിനാല്‍ ഇതില്‍ പ്രതികരിക്കുന്നത് ശരിയല്ല. തന്നെ കൂടി ബന്ധപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ വിവാദമെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം പ്രതികരിക്കും. മകന്റെ നിയമനത്തില്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
