കൊല്ലം: പത്തനാപുരത്ത് മകൾ അമ്മയെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. പത്തനാപുരം സ്വദേശി ലീലാമ്മയെയാണ് മകൾ ലീന മർദിച്ചത്. സംഭവത്തിൽ ഇടപ്പെട്ട വനിത പഞ്ചായത്ത് അംഗത്തിനും മർദനമേറ്റു.
ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് സംഭവം. വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് അമ്മയും മകളും തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായിരുന്നു. അതിനുശേഷമാണ് മർദനത്തിലേക്ക് പോയതെന്ന് നാട്ടുകാർ പറയുന്നു. വീടിനുപുറത്തുകടക്കാനായി ശ്രമിക്കുന്ന അമ്മയെ മകൾ അകത്തേക്ക് വലിക്കുന്നതും ലീലാമ്മ ഗേറ്റിൽ ഇറുക്കിപിടിച്ചുനിൽക്കുന്നതും വിഡിയോയിൽ കാണാം.
നാട്ടുകാർ ഇടപെട്ടെങ്കിലും അവരെ ലീന അസഭ്യം പറയുകയായിരുന്നു. പിന്നീട് പ്രദേശത്തെ ഗ്രാമപഞ്ചായത്ത് അംഗം ആർഷ പ്രശ്നത്തിൽ ഇടപെട്ടു. അവരെയും ലീന മർദിച്ചതായാണ് വിവരം. സംഭവത്തിൽ പത്തനാപുരം പൊലീസ് കേസെടുത്തു. പരാതി വന്നതോടെ ലീന ആശുപത്രിയിൽ പ്രവേശിച്ചു.
