ട്രംപിന് കൊടുത്ത നാണയത്തിൽ തിച്ചടിച്ച് കാനഡ.. 107 ബില്യൺ ഡോളർ വരുന്ന അമേരിക്കൻ ഉത്പന്നങ്ങൾക്ക് തിരിച്ച് തങ്ങളും താരിഫ് ചുമത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. കാനഡയ്ക്കും മെക്സിക്കോയ്ക്കും എതിരെ ചുമത്തിയ താരിഫുകൾ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാനഡയുടെ മറുപടി.
‘ഈ അന്യായമായ തീരുമാനത്തിന് കാനഡയ്ക്ക് മറുപടി നൽകാതിരിക്കാനാകില്ല’ ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ആദ്യ ഘട്ടത്തിൽ യുഎസ് കയറ്റുമതിക്കാരിൽ നിന്നുള്ള ഏകദേശം 20.6 ബില്യൺ യു എസ് ഡോളർ മൂല്യമുള്ള സാധനങ്ങൾക്ക് 25% തീരുവയാണ് ഏർപ്പെടുത്തുക. അമേരിക്ക താരിഫ് കുറച്ചില്ലെങ്കിൽ ന്യൂയോർക്ക് സമയം പുലർച്ചെ 12:01 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ട്രൂഡോ വ്യക്തമാക്കി. മൂന്ന് ആഴ്ചയ്ക്കുള്ളിൽ 107 ബില്യൺ ഡോളർ മൂല്യമുള്ള ഉൽപ്പന്നങ്ങൾക്ക് ഇതേ നിരക്കിൽ രണ്ടാം റൗണ്ട് താരിഫ് ഏർപ്പെടുത്തും. കാറുകൾ, ട്രക്കുകൾ, സ്റ്റീൽ, അലുമിനിയം തുടങ്ങിയ വലിയ വിലയുള്ള ഇനങ്ങളും അധിക നികുതിയുടെ പരിധിയിൽ വരും.
‘യു എസ് വ്യാപാര നടപടി പിൻവലിക്കുന്നതുവരെ ഞങ്ങളുടെ താരിഫുകൾ നിലനിൽക്കും. യുഎസ് താരിഫ് അവസാനിപ്പിക്കുന്നില്ലെങ്കിൽ, നിരവധി താരിഫ് ഇതര നടപടികൾ പിന്തുടരുന്നതിനായി പ്രവിശ്യകളുമായും പ്രദേശങ്ങളുമായും ഞങ്ങൾ സജീവവും തുടരുന്നതുമായ ചർച്ചകൾ നടത്തിവരികയാണ്’ ട്രൂഡോ പറഞ്ഞു.
മുൻ തീരുമാന പ്രകാരം അമേരിക്ക കാനഡയ്ക്കും മെക്സിക്കോയ്ക്കും ഏർപ്പെടുത്തിയ ഉയർന്ന താരിഫ് ചൊവ്വാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരും. ഈ സാഹചര്യത്തിൽ ഇത് ഒഴിവാക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോയെന്നുള്ള ചോദ്യത്തിന് മറുപടിയായി മുൻ തീരുമാനം പോലെ താരിഫുകൾ മാർച്ച് 4 ന് തന്നെ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് വ്യക്തമാക്കുകയായിരുന്നു. അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റെടുത്തിന് പിന്നാലെയാണ് തങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുന്ന രാജ്യങ്ങൾക്ക് തിരികെ തങ്ങളും അതേ തരത്തിൽ നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.
അയൽ രാജ്യങ്ങളായ കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 25 ശതമാനം താരിഫാണ് ഏർപ്പെടുത്തിയത്. ഇതിന് പുറമെ ചൈനയിൽ നിന്നുള്ള സാധനങ്ങൾക്ക് 10 ശതമാനം അധിക താരിഫും ഫെബ്രുവരി ആദ്യം ട്രംപ് പ്രഖ്യാപിച്ചു. അതിർത്തി സുരക്ഷ മെച്ചപ്പെടുത്തുന്നതിന് കാനഡയും മെക്സിക്കോയും പുതിയ പദ്ധതികൾ തയാറാക്കിയെന്ന് പറഞ്ഞതിന്റെ പശ്ചാത്തലത്തിൽ താരിഫ് തീരുമാനം 30 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു.

 
                                            