ട്രംപ് അധികാരമേറ്റ ശേഷം അമേരിക്കയിൽ വലിയ മാറ്റങ്ങക്കാണ് തുടക്കമായത്.. ട്രംപിന്റെ നീക്കങ്ങൾ വലിയ വിമർശനങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി ഫെഡറല്‍ ജീവനക്കാരെ കൂട്ടത്തോടെ കൂട്ടപിരിച്ചുവിട്ട നടപടിക്ക് കോടതിയുടെ തിരിച്ചടി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരമാണ് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാരെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലെയും മേരിലാന്‍ഡിലെയും ഫെഡറല്‍ കോടതികള്‍ ഉത്തരവിട്ടു.പതിനായിരക്കണക്കിന് പ്രൊബേഷണറി ഫെഡറല്‍ തൊഴിലാളികളെ അന്യായമായി പിരിച്ചുവിട്ട നടപടിക്കാണ് ട്രംപ് ഭരണകൂടം ശക്തമായ തിരിച്ചടി നേരിട്ടത്. സര്‍ക്കാരിനു കീഴിലുള്ള ഏജന്‍സിയായ യുഎസ് ഓഫീസ് ഓഫ് പഴ്സണല്‍ മാനേജ്മെന്റാണ് ജീവനക്കാരെ പിരിച്ചുവിട്ടത്.യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വെറ്ററന്‍സ് അഫയേഴ്‌സ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റീരിയര്‍, ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് എന്നീ വകുപ്പുകളിലെ പിരിച്ചുവിട്ട പ്രൊബേഷണറി ജീവനക്കാരെയാണ് തിരിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടത്.
രണ്ട് വ്യത്യസ്ത കേസുകളില്‍ മേരിലാന്‍ഡിലെ ജില്ലാ ജഡ്ജി ജെയിംസ് ബ്രെഡറും സാന്‍ ഫ്രാന്‍സിസ്‌കോയിലെ ജില്ലാ ജഡ്ജി വില്യം അല്‍സപ്പുമാണ് വിധികള്‍ പുറപ്പെടുവിച്ചത്. ഓഫിസ് ഓഫ് പഴ്സനല്‍ മാനേജ്മെന്റ് ഡയറക്ടര്‍ ചാള്‍സ് എസെലിനെതിരേ രൂക്ഷവിമര്‍ശനമാണ് ഇരുവരും ഉന്നയിച്ചത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് ജഡ്ജിമാര്‍ നിരീക്ഷിച്ചു. തൊഴിലാളികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിട്ടതെന്ന ഗവണ്‍മെന്റിന്റെ വാദം നുണയാണെന്നും ജഡ്ജി വില്യം അല്‍സപ്പ് വിമര്‍ശിച്ചു.
ഫെബ്രുവരി 13, 14 തീയതികളില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാന്‍ വെറ്ററന്‍സ് അഫേഴ്സ്, കൃഷി, പ്രതിരോധം, ഊര്‍ജം, ഇന്റീരിയര്‍, ട്രഷറി വകുപ്പ് മേധാവികളോട് കോടതി നിര്‍ദേശിച്ചു. അതേസമയം, ഫെഡറല്‍ കോടതിയുടെ ഉത്തരവിനെതിരെ ട്രംപ് ഭരണകൂടം അപ്പീല്‍ നല്‍കി. ജീവനക്കാരെ പുനര്‍നിയമിക്കാനുള്ള ഫെഡറല്‍ കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ പോരാടുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.രണ്ടാം വട്ടം അധികാരത്തിലേറിയ ഉടനെ ഫെഡറല്‍ ചെലവുകള്‍ കുറയ്ക്കാനെന്ന പേരില്‍ 950,000 സിവില്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള പദ്ധതിക്കായിരുന്നു ട്രംപ് അംഗീകാരം നല്‍കിയത്. ട്രംപിന്റെ ഉപദേഷ്ടാവായ ഇലോണ്‍ മസ്‌കിന്റെ നിര്‍ദേശപ്രകാരമായിരുന്നു കൂട്ടപ്പിരിച്ചുവിടല്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി അമേരിക്കന്‍ സൈന്യത്തിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനെ അടക്കം ട്രംപ് പുറത്താക്കിയിരുന്നു. ഭരണകൂടത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന് ന്യായീകരണം കോടതി മുഖവിലയ്‌ക്കെടുത്തില്ല. ജീവനക്കാര്‍ക്ക് സ്വമേധയാ പിരിഞ്ഞുപോകാനുള്ള അവസരവും ട്രംപ് ഭരണകൂടം നല്‍കിയിരുന്നു. സ്വമേധയാ ജോലി രാജിവെക്കുന്നവര്‍ക്ക് ഏഴ് മാസത്തെ ശമ്പളം നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.
