കൊച്ചി: തൃക്കാക്കരയുടെ അഭിമാനമായിരുന്നു പി.ടിയെന്ന് ഉമ തോമസ്. അതുകൊണ്ടാണ് രാജകുമാരനെപ്പോലെ തൃക്കാക്കരക്കാർ അദ്ദേഹത്തെ യാത്രയാക്കിയത്. പി.ടി തോമസിനെ വിജയിപ്പിച്ചതിലൂടെ തൃക്കാക്കരക്കാർക്ക് അബദ്ധം പറ്റി എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ഉമ തോമസ്.
പി ടി തൃക്കാക്കരയെ സ്‌നേഹിച്ചു. തൃക്കാക്കര അദ്ദേഹത്തെയും സ്നേഹിച്ചു. അബദ്ധം പറ്റിയത് പിണറായിക്കാണ് വ്യക്തിപരമായ ആക്ഷേപത്തിലേക്ക് കടക്കുന്നില്ലെന്നും ഉമ തോമസ് വിമർശിച്ചു. അതേസമയം പി.ടി തോമസ് പൊതുസ്വീകാര്യനായ നേതാവാണെന്നും കേവലം തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഇങ്ങനെയെല്ലാം മുഖ്യമന്ത്രി പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഹൈബി ഈഡൻ എം.പി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്നും ഹൈബി വിമർശിച്ചു.
സംഘപരിവാറിന്റെ ബി ടീമായി കോൺഗ്രസ് മാറിയെന്നും പി.ടി തോമസിനെ വിജയിപ്പിച്ചതിലൂടെ തൃക്കാക്കരക്കാർക്ക് അബദ്ധം പറ്റിയിരുന്നതായും കേരളം പ്രതീക്ഷിക്കുന്ന തരത്തിൽ പ്രതികരിക്കാൻ മണ്ഡലം തയ്യാറായിക്കഴിഞ്ഞെന്നുമാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചത്. ഇതാണ് വിവാദമായത്.
