ജയ്പുര്‍: അന്യ പുരുഷനോടൊപ്പം വിവാഹിതയായ സ്ത്രീ താമസിക്കുന്നത് നിയമവിരുദ്ധമാണെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. 30കാരിയായ യുവതിയും ഒരുമിച്ച് കഴിയുന്ന ഇരുപത്തിയേഴുകാരനും സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഓഗസ്റ്റ് 12-ന് വിധി പ്രസ്താവിച്ചത്. തങ്ങള്‍ പ്രായപൂര്‍ത്തിയായവരാണെന്നും സ്വന്തം താത്പര്യപ്രകാരമാണ് ഒരുമിച്ച് കഴിയുന്നതെന്നും ഇരുവരും വിചാരണയ്ക്കിടെ കോടതിയെ അറിയിച്ചു. കൂടാതെ, ഗാര്‍ഹിക പീഡനത്തിനിരയായതിനെ തുടര്‍ന്നാണ് ഭര്‍ത്താവും വീടും ഉപേക്ഷിച്ച് വേര്‍പിരിഞ്ഞ് താമസിക്കുന്നതെന്നും യുവതി ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു.
ഹര്‍ജിക്കാരിയായ യുവതി വിവാഹിതയാണെന്നും വിവാഹമോചനം നേടാതെ രണ്ടാം ഹര്‍ജിക്കാരനായ യുവാവുമൊത്ത് താമസിച്ച് വരികയാണെന്നും കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ നിന്ന് വ്യക്തമാണെന്നും ജസ്റ്റിസ് സതീഷ് കുമാര്‍ ശര്‍മ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ ഇരുവരും ഒന്നിച്ച് കഴിയുന്നത് നിയമവിരുദ്ധവും സാമൂഹികവിരുദ്ധവുമായ ബന്ധങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
