ന്യൂഡല്‍ഹി: അന്താരാഷ്ട്രവിപണിയില്‍ കോവിഷീല്‍ഡ് വാക്‌സിന്റെ വ്യാജപതിപ്പ് കണ്ടെത്തിയ സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. കോവിഡ് വാക്‌സിനുകളുടെ വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നുണ്ടെന്നും ശ്രദ്ധിക്കണമെന്നും ലോകാരോഗ്യസംഘടനയും ഈയിടെ വ്യക്തമാക്കിയിരുന്നു.വ്യാജന്മാരെ പെട്ടെന്നുതന്നെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഘടകങ്ങളടങ്ങിയ പട്ടികയും പുറത്തുവിട്ടു.
രാജ്യത്ത് നിലവില്‍ ഉപയോഗത്തിലുള്ള മൂന്ന് വാക്‌സിനുകളായ കോവിഷീല്‍ഡ്, കൊവാക്‌സിന്‍, സ്പുട്‌നിക്-വി എന്നിവയാണ്.ഇവയെ വ്യാജന്മാരില്‍നിന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ ഇവയുടെ ലേബല്‍, കളര്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ നിരീക്ഷിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.
വാക്‌സിന്റെ വ്യാജന്‍ പ്രചാരത്തിലുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും വ്യാജ കോവിഡ് വാക്‌സിനുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഡബ്‌ള്യു.എച്ച്.ഒ. മുന്നറിയിപ്പുനല്‍കിയത്.
കോവിഡ് മഹാമാരി പടരുന്നതിന് ഇനിയും ശമനമുണ്ടാകാത്ത ഘട്ടത്തില്‍ വാക്‌സിനുകളുടെ വ്യാജന്മാര്‍ വിപണിയിലെത്തുന്നത് രോഗികള്‍ക്കും ലോകത്തെ ആരോഗ്യസംവിധാനത്തിനും കടുത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്.
