തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയിലടക്കം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ നല്‍കിയതായി സൂചന. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് നടപടി. പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായതോടെതെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ് നിലപാട്. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് അനുമതി തേടി സര്‍ക്കാരിന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്.
കെ കരുണാകരന്റെ സ്മരണാര്‍ത്ഥം രൂപീകരിച്ച ട്രസ്റ്റിന്റെ പേരിലുള്ള പണപ്പിരിവില്‍ നിന്നടക്കം 32 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് സുധാകരന്റെ മുന്‍ ഡ്രൈവറായ പ്രശാന്തിന്റെ പരാതി. കരുണാകരന്‍ പഠിച്ച ചിറക്കല്‍ രാജാസ് ഹൈസ്‌കൂളും 5 ഏക്കര്‍ സ്ഥലവും വാങ്ങാനും അന്താരാഷ്ട്ര നിലവാരമുള്ള എഡ്യുക്കേഷണല്‍ ഹബ്ബാക്കി മാറ്റാനുമായിരുന്നു ഇത്.
എന്നാല്‍ കരാര്‍ ലംഘിച്ച് സുധാകരനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് കണ്ണൂര്‍ എജ്യു പാര്‍ക്ക് എന്ന കമ്പനിയുടെ പേരിലേക്ക് തുക വകമാറ്റാന്‍ ശ്രമിച്ചു, കണ്ണൂര്‍ ഡിസിസി ഓഫീസ് നിര്‍മ്മാണത്തിന് പിരിച്ച കോടികള്‍ വകമാറ്റി ചെലവഴിച്ചു, ബിനാമി ബിസിനസ്സുകളടക്കം നടത്തി കെ സുധാകരന്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് പ്രശാന്ത് ബാബു ഉന്നയിച്ചത്.
