അച്ഛന്റെ ഓർമകളുമായി ശ്രീലക്ഷ്മിയുടെ വിവാഹം

കനലായി കരുത്തായി അച്ഛനുണ്ട് കൂടെ.. അതേ അച്ഛന്റെ ചിത്രത്തിനു മുമ്പില്‍ പ്രാര്‍ത്ഥിച്ച് മകള്‍ വിവാഹ മണ്ഡപത്തിലേക്ക് കയറി. ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു ആ മനസ്സില്‍. ചടങ്ങില്‍ പങ്കെടുത്തവരില്‍ ചിലരെങ്കിലും ആ ശുഭ മുഹൂര്‍ത്തത്തില്‍ കണ്ണീര്‍ പൊഴിച്ചിട്ടുണ്ടാകും..

വര്‍ക്കലയില്‍ വിവാഹത്തലേന്ന് അച്ഛന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മാറ്റിവച്ച ശ്രീലക്ഷ്മിയുടെ വിവാഹം വര്‍ക്കല ശിവഗിരി ക്ഷേത്രത്തില്‍ വച്ച് നടന്നു. വിവാഹത്തലേന്ന് നാലംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി അച്ഛനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് വിവാഹം മാറ്റിവച്ചത്. ശിവഗിരി ശാരദാ മഠത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.ചെറുന്നിയൂര്‍ സ്വദേശി വിനുവാണ് വരന്‍.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കൈപിടിച്ചു നല്‍കാന്‍ പിതാവ് ഇല്ലാത്തിന്റെ വേദന ശ്രീലക്ഷ്മിയുടെയും കുടുംബത്തിന്റെയും മുഖത്ത് നിഴലിക്കുമ്പോഴും രാജുവിന്റെ ആഗ്രഹം പൂര്‍ത്തിയായ സംതൃപ്തിയിലാണു ശ്രീലക്ഷ്മിയുടെ കുടുംബം. അച്ഛന്റെ ചിത്രത്തിനു മുന്നില്‍ കൈകൂപ്പി പ്രാര്‍ഥിച്ച് അച്ഛന്റെ കുഴിമാടത്തിലെത്തി അനുഗ്രഹം തേടിയാണ് ശ്രീലക്ഷ്മി വിവാഹപന്തിലലേക്ക് എത്തിയത്.

ആളും ആര്‍ഭാടങ്ങളുമില്ല. അലങ്കരിച്ച മംഗല്യപ്പന്തലില്ല. ഒരു കല്യാണത്തിന്റെ സന്തോഷാരവങ്ങളില്ല. സങ്കടത്തിന്റെ തിരയിളക്കമൊടുങ്ങാത്ത ഓര്‍മകള്‍ക്കുള്ളില്‍ നിന്ന് വിനു ശ്രീലക്ഷ്മിയുടെ കഴുത്തില്‍ താലി കെട്ടി. …
താലികെട്ടുന്ന സമയത്ത് അച്ഛന്റെ ഓര്‍മ്മകള്‍ മനസ്സില്‍ വന്ന് ശ്രീലക്ഷ്മി വിങ്ങിപ്പൊട്ടുകയായിരുന്നു. ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് വളരെ സന്തോഷം നിറഞ്ഞ ഒരു ദിവസമാണ് അവളുടെ വിവാഹം. അവരുടെ മാതാപിതാക്കളുടെ സ്വപ്‌നസാക്ഷാത്കാരവും. ആ സന്തോഷ നിമിഷത്തെയാണ് ചില അസുര ജന്മങ്ങള്‍ തല്ലികെടുത്തിയത്.

കഴിഞ്ഞ മാസമാണ് ശ്രീലക്ഷ്മിയുടെ വിവാഹ തലേന്ന് വിവാഹ പന്തലിലുണ്ടായ മര്‍ദനത്തില്‍ രാജു കൊല്ലപ്പെട്ടത്. അയല്‍വാസികളായ ജിഷ്ണു, സഹോദരന്‍ ജിജിന്‍, ഇവരുടെ സുഹൃത്തുക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് രാജുവിനെ കൊലപ്പെടുത്തിയത്. ശ്രീലക്ഷ്മിയെ വിവാഹം ചെയ്ത് നല്‍കണമെന്ന് ജിഷ്ണു ആവശ്യപ്പെട്ടിരുന്നു. ഇത് വീട്ടുകാര്‍ നിരസിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണ് ജിഷ്ണുവും സംഘവും ശ്രീലക്ഷ്മിയുടെ വിവാഹ തലേന്ന് രാജുവിനെ കൊലപ്പെടുത്തിയത്.അക്രമികള്‍ ലക്ഷ്യം വെച്ചത് വധുവിനെയാണെന്നും ശ്രീലക്ഷ്മിയെയാണ് ആദ്യം ആക്രമിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. ശ്രീലക്ഷ്മിയെയും വീട്ടില്‍ ഉണ്ടായിരുന്ന മറ്റ് സ്ത്രീകളെയും അക്രമികള്‍ ആക്രമിച്ചിരുന്നു. തടയാന്‍ ചെന്നപ്പോഴാണ് ശ്രീലക്ഷ്മിയുടെ അച്ഛന്‍ രാജുവിന് അടിയേറ്റത്. അക്രമികള്‍ ആശുപത്രി വരെ പിന്തുടര്‍ന്നുവെന്നും മരിച്ചു എന്നറിഞ്ഞപ്പോള്‍ രക്ഷപ്പെട്ടുവെന്നും ശ്രീലക്ഷ്മിയുടെ ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.കൊല്ലപ്പെട്ട രാജു ഗള്‍ഫില്‍ നിന്ന് മടങ്ങി വന്ന ശേഷം നാട്ടില്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മകളുടെ വിവാഹത്തിനായി ജിഷ്ണു സമീപിച്ചെങ്കിലും കുടുംബ പശ്ചാത്തലം മോശമായതിനെ തുടര്‍ന്ന് വിസമ്മതിക്കുകയായിരുന്നു.

വിവാഹത്തലേന്ന് വിരുന്നു സല്‍ക്കാരം കഴിഞ്ഞ് രാജു ശ്രീലക്ഷ്മിയെ ചേര്‍ത്തുപിടിച്ചു നെറ്റിയില്‍ ചുംബിച്ച് അനുഗ്രഹിച്ചിരുന്നു. ‘നാളെ വൈകിട്ട് ഈ സമയത്തു നീ മറ്റൊരു വീട്ടില്‍ ആയിരിക്കും. ഭാര്യ എന്ന ഉത്തരവാദിത്തം ഏറ്റെടുത്തു നന്നായി എന്റെ മോള്‍ ജീവിക്കണം..’ രാജു പറഞ്ഞിരുന്നു. അച്ഛനും മകളും തമ്മിലുള്ള ആ സ്‌നേഹനിമിഷം ചിത്രത്തിലൂടെ വാര്‍ത്തകളുടെ ഭാ?ഗമായിരുന്നു. ഇത്തരം സംഭവങ്ങള്‍ക്കൊക്കെ ഒരു പരിധിവരെ കാരണം നമ്മുടെ ഭരണകൂടവും ഭരണകര്‍ത്താക്കളും അല്ലേ? വര്‍ദ്ധിച്ചു വരുന്ന ഗുണ്ടാവിളയാട്ടങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്തത് ആഭ്യന്തരവകുപ്പിന്റെ പരാജയം അല്ലേ? കൊല്ലും കൊലയും ഇല്ലാത്ത നന്മകള്‍ നിറഞ്ഞ ഒരു സുന്ദര നാട്
ഒരു പാഴ് സ്വപ്‌നമാണോ?

Leave a Reply

Your email address will not be published. Required fields are marked *