കണ്ണൂർ : പാർട്ടി ഓഫീസ് നിർമിക്കാൻ തുടങ്ങിയ സമ്മാനപദ്ധതിയുടെ പണം കൈകാര്യം ചെയ്തതിൽ ഗുരുതര പിശക് സംഭവിച്ചതായി ഫണ്ട് വിവാദത്തെക്കുറിച്ച് അന്വേഷിച്ച പാർട്ടികമ്മിഷൻ റിപ്പോർട്ട്.
രക്തസാക്ഷി ധനരാജിന്റെ കുടുംബസഹായഫണ്ട്, സി.പി.എം. പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസ് പുനർനിർമിക്കുന്നതിന് നടത്തിയ സമ്മാനപദ്ധതി, നിയമസഭാ തിരഞ്ഞെടുപ്പുഫണ്ട് എന്നിവയുടെ വിനിയോഗത്തിൽ ക്രമക്കേടുകൾനടന്നോ എന്നാണ് കമ്മിഷൻ അന്വേഷിച്ചത്. ഇതിൽ ധനരാജ് കുടുംബസഹായ ഫണ്ടും തിരഞ്ഞെടുപ്പുഫണ്ടും കൈകാര്യംചെയ്തതിൽ അപാകങ്ങളൊന്നും ഇല്ലെന്നാണ് റിപ്പോർട്ടിലുള്ളത്. തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തിനുപയോഗിച്ച റസീറ്റിൽ തെറ്റുകൾ കടന്നുകൂടിയെന്നും പറയുന്നു.
2016-ലാണ് ഏരിയാകമ്മിറ്റി ഓഫീസ് നിർമാണത്തിന് സമ്മാനപദ്ധതി തുടങ്ങിയത്. പണം സ്വീകരിച്ച് നിശ്ചിതകാലത്തേക്ക് ബാങ്കിൽ നിക്ഷേപിച്ച്, അതിന്റെ പലിശ പാർട്ടിയുടെ ആവശ്യത്തിന് സംഭാവനചെയ്യുന്നതാണ് പദ്ധതി. ഈ ഇനത്തിൽ സ്വരൂപിച്ച പണം അക്കൗണ്ട് ചെയ്യുന്നതിലും ഓഡിറ്റ് ചെയ്യുന്നതിലുമാണ് കമ്മിഷൻ ക്രമക്കേട് കണ്ടെത്തിയത്.
