സംസ്ഥാനത്തെ ജയിലുകളില്‍ തടവുപുള്ളികളെ നിരീക്ഷിക്കാന്‍ ഡ്രോണുകള്‍

തിരുവനന്തപുരം : സംസ്ഥാനത്തെ ജയിലുകളില്‍ തടവുപുള്ളികളെ നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തീരുമാനം. ജയിലുകള്‍ക്കകത്തെ സിസിടിവി ക്യാമറകള്‍ കാര്യക്ഷമമല്ലാത്തതിനെ തുടര്‍ന്നാണ് ഡ്രോണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ആദ്യഘട്ടത്തില്‍ പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍, എന്നീ സെന്‍ട്രല്‍ ജയിലുകളിലും, അതീവ സുരക്ഷാ ജയിലുകളായ, ചീമേനി, നെട്ടുകല്‍ത്തേരി എന്നിവിടങ്ങളിലുമാകും പദ്ധതി നടപ്പാക്കുക.

സുരക്ഷയുടെ ഭാഗമായി കൂടിയാണ് ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്. ജയിലിനുള്ളില്‍ ആഘോഷപരിപാടികള്‍ നടക്കുമ്പോഴും ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തും. ജയിലിനുള്ളിലേക്ക് പ്രവേശിക്കുന്നവരെ പരിശോധിക്കാന്‍ ബോഡി സ്‌കാനര്‍ ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. പരോള്‍ കഴിഞ്ഞ് മടങ്ങുന്നവരില്‍ പലരും കഞ്ചാവുള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായാണ് ജയിലില്‍ എത്താറുള്ളത്. ഇത് പിടികൂടുന്നതിന് വേണ്ടി കൂടിയാണ് സ്‌കാനറുകള്‍ സ്ഥാപിക്കുന്നത്.

ജയിലുകള്‍ക്ക് കീഴില്‍ ഇന്റലിജന്‍സ് സംവിധാനം ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്. ജയിലിനുള്ളില്‍ തടവുപുള്ളികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയാന്‍ ഇതുവഴി സാധിക്കും. 55 ജയിലുകളിലും മൂന്ന് പേര്‍ വീതമുളള ഇന്റലിജന്‍സ് സംവിധാനമാണ് പരിഗണിക്കുന്നത്. ഇതു സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് ജയില്‍ മേധാവി ആഭ്യന്തര വകുപ്പിന് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *