രാജീവ് ചന്ദ്രശേഖറിന്റെ വരവ്NDA ഘടകകക്ഷികളുടെ തലവര മാറ്റിയെഴുതുമോ ?

ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖർ എത്തുമ്പോൾ വരാൻ പോകുന്നമാറ്റങ്ങൾ എന്തെല്ലാമാണ്?? കേരളത്തിലെ ഏറ്റവും പ്രബലമായ ഇടത്തരക്കാരെ സ്വാധീനിക്കാൻ കഴിയുന്ന ഒരാളെയാണ്‌ പാർട്ടി സംസ്ഥാന അധ്യക്ഷനായി ബി.ജെ.പി. കേന്ദ്രനേതൃത്വം നിയോഗിച്ചത്. മികച്ച വിദ്യാഭ്യാസം, വിജയിച്ച ബിസിനസുകാരൻ, തരൂരിനെ പോലെ രാഷ്ട്രീയത്തിനപ്പുറം ആശയവിനിമയം നടത്താനുള്ള കഴിവ്. ഇതെല്ലാം രാജീവ് ചന്ദ്രശേഖറിന്‌ മുതൽകൂട്ടാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ശശി തരൂരിനെ വിറപ്പിച്ച രാജീവിന്റെ മിടുക്കും നിർണായകം തന്നെ.

എന്നാൽ സംഘടനയിൽ രാജീവ് പുതുമുഖമാണ്. കേന്ദ്രമന്ത്രിയാകുന്നതിന് മുൻപ് പാർട്ടി ദേശീയ വക്താവ് സ്ഥാനം അലങ്കരിച്ചതൊഴിച്ചാൽ വലിയ അനുഭവപരിചയമില്ല. സംഘടനയിലയ്ക്ക് വരുമ്പോൾ രാജീവ് ചന്ദ്രശേഖരന്റെ കരുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പാർട്ടി ദേശീയ നേതൃത്വത്തിന്റെയും അകമഴിഞ്ഞ പിന്തുണയാണ്. ആർ.എസ്.എസും ഒപ്പമുണ്ട്. പക്ഷെ, ആ പിന്തുണ കൊണ്ട് മാത്രം രാജീവിന് കേരളത്തിലെ വെല്ലുവിളികൾ മറികടക്കാൻ കഴിയുമോ? കേരളത്തിൽ ബിജെപിയെ സംബന്ധിച്ച് കാസയും ബിഡിജെഎസും പ്രധാനമാണ്. രാജീവ് ചന്ദ്രശേഖർ എത്തുന്നതു ബി.ഡി.ജെ.എസ് ബന്ധത്തിൽ പ്രധാന വഴിത്തിരിവാകും എന്ന പ്രതീക്ഷ നൽകുന്നുണ്ട്. എൻഡിഎയിൽ കടുത്ത അവഗണന നേരിടുന്നു എന്നതാണു ബി.ഡി.ജെ.എസിന്റെ പരാതി. ഇതു പല നേതാക്കളും പരസ്യമായി പ്രകടമാക്കുകയും ചെയ്തിരുന്നു. എൻ.ഡി.എ മുന്നണി വിടണമെന്ന ആവശ്യവുമായി ബി.ഡി.ജെ.എസ് കോട്ടയം ജില്ല കമ്മറ്റി ആദ്യം രംഗത്തു വന്നിരുന്നു. ഈ ആവശ്യമുയർത്തി പാർട്ടി ജില്ല പ്രവർത്തന ക്യാമ്പിൽ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. 9 വർഷമായി മുന്നണിയിൽ ഒരു പരിഗണനയും ലഭിക്കുന്നില്ല. അതിനാൽ എൻ.ഡി.എ വിടണമെന്നും മറ്റു മുന്നണികളിൽ പ്രവേശിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ തുഷാറുമായി നല്ലബന്ധമാണ് രാജീവ് ചന്ദ്രശേഖര്റിനുള്ളത്. ഇതു ബി.ഡി.ജെ.എസ്. – ബി.ജെ.പി മുന്നണി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഗുണം ചെയ്യും എന്നു കരുതുന്നവർ ഏറെയാണ്. എൻ.ഡി.എ മുന്നണിവിട്ടു യു.ഡി.എഫിലേക്കു പോകണമെന്ന നിലപാടിലാണു ബി.ഡി.ജെ.എസ് പാർട്ടിയിലെ മിക്ക നേതാക്കൾക്കും ഉള്ളത്. പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കുപോലും അർഹമായ പരിഗണന ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ.യിൽ ലഭിക്കുന്നില്ലെന്നാണു നേതാക്കൾ ഉന്നയിക്കുന്ന മുഖ്യ ആരോപണം. എന്നാൽ രാജീവിന്റെ വരവ് ഈ സാഹചര്യത്തെ മാറ്റിമറക്കുമെന്ന പ്രതീക്ഷയിലാണ് ബിഡിജെഎസ്.

എന്നാൽ അതേസമയം, സംസ്ഥാന പാർട്ടിക്കകത്ത് സ്വന്തം രീതികളോടും സ്വന്തം പാർട്ടിയോടും പോരാടി വേണം രാജീവ് ചന്ദ്രശേഖരന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷസ്ഥാനത്ത് മുന്നേറേണ്ടത്. മന്ത്രിയായോ എം.പിയായോ പ്രവർത്തിക്കുന്നത് പോലെയല്ല സംഘടന ചുമതല. അവിടെ 24×7 ലഭ്യമായിരിക്കുകയെന്നത്, പ്രത്യേകിച്ച് കേരളത്തിലെ സാഹചര്യത്തിൽ. അനിവാര്യമാണ്. അതായത് കമ്പനി എം.ഡിയെ പോലെ സംഘടനാജോലികൾ മറ്റുള്ളവർക്ക് വീതിച്ചു നൽകി ഓഫീസിൽ ഇരുന്ന് പ്രവർത്തനം നിരീക്ഷിക്കാൻ കഴിയില്ല. അതിനാൽ സ്വന്തം ശൈലിയിൽനിന്ന് പുറത്തുകടക്കാതെ, പൂർണ്ണമായും സംഘടന പ്രവർത്തനങ്ങൾക്കായി ഉഴിഞ്ഞു വയ്ക്കാതെ രാജീവ് ചന്ദ്രശേഖരന് അധ്യക്ഷസ്ഥാനത്ത് ഇരിപ്പ് ഉറപ്പിക്കാൻ കഴിയില്ല.

അതായത്, രാജീവ് ചന്ദ്രശേഖർ പൂർണ്ണമായും ഒരു രാഷ്ട്രീയക്കാരനാകേണ്ടി വരും. അതിന് അദ്ദേഹത്തിന് കഴിയുമോ? കോൺഗ്രസിലെ ഹൈക്കമാന്റ് സംസ്‌കാരത്തിന്റെ കോപ്പി പേസ്റ്റല്ലേ രാജീവ് ചന്ദ്രശേഖറിന്റെ സംസ്ഥാന അധ്യക്ഷനായുള്ള നിയമനം ?. കേരളത്തിലെ ഗ്രൂപ്പുകളുടെ നോമിനികളെ തഴഞ്ഞ് കേന്ദ്രത്തിന്റെ കെട്ടിയിറക്കലാണ് നടന്നിരിക്കുന്നത്. അതും ബൂത്ത് തലം മുതൽ ജില്ല വരെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ പുനഃസംഘടന പൂർത്തിയാക്കിയ ശേഷം. അതിനാൽ തുല്യദുഃഖിതരായ എല്ലാ ഗ്രൂപ്പുകളും കൂടി വിചാരിച്ചാൽ രാജീവിനെ വരച്ച വലയിൽ നിർത്താൻ കഴിയും. അതിനെതിരെ പോരാടാൻ നിന്നാൽ രാജീവിന് പുതിയ ടീമിനെ ഉയർത്തി കൊണ്ടു വരേണ്ടി വരും. അത് മറ്റൊരു ഗ്രൂപ്പിന്റെ രൂപീകരണത്തിൽ ചെന്ന് അവസാനിക്കുമെന്നല്ലാതെ എന്ത് ഫലമാണ് ഉണ്ടാക്കുക?.

അതായത്, രാജീവിന്, രാജീവിനോടും പാർട്ടിയോടും പടവെട്ടി വിജയിച്ചു മാത്രമേ മുന്നോട്ട് പോകാൻ കഴിയും. ആ രണ്ട് പോരാട്ടത്തിലും വിജയിച്ചാൽ കേരള രാഷ്ട്രീയത്തിൽ ബി.ജെ.പിക്കായി വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുന്ന നേതാവാണ് രാജീവ് ചന്ദ്രശേഖർ.

Leave a Reply

Your email address will not be published. Required fields are marked *