തിരുവല്ല; ഭരണഘടനയ്ക്കെതിരായ വിവാദ പ്രസ്താവനയിൽ മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തു. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിനെ തുടർന്ന് കീഴ്‌വായ്പൂര് പൊലീസാണ് കോസെടുത്തത്.
കൊച്ചി സ്വദേശിയായ ബൈജു നോയൽ നൽകിയ ഹർജിയിലാണു നടപടി. ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വേദിയിലുണ്ടായിരുന്ന എംഎൽഎമാരായ മാത്യു ടി.തോമസ്, പ്രമോദ് നാരായണൻ എന്നിവരുടെ മൊഴിയെടുക്കും.
തിരുവല്ല ഡിവൈഎസ്പി ടി.രാജപ്പൻ റാവുത്തറിനാണ് അന്വേഷണച്ചുമതല. പരാതിയുടെ ഉള്ളടക്കവും പ്രസംഗത്തിന്റെ സിഡിയും പബ്ലിക് പ്രോസിക്യൂട്ടർക്കു നിയമോപദേശത്തിനായി കൈമാറിയിട്ടുണ്ടെന്നു ടി.രാജപ്പൻ റാവുത്തർ വ്യക്തമാക്കി. പ്രസംഗത്തിന്റെ പൂർണരൂപം ലഭിച്ചതിന് ശേഷം മാത്രമേ നിയമോപദേശം നൽകാൻ കഴിയൂവെന്നു ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ എ.സി.ഈപ്പൻ വ്യക്തമാക്കിയിട്ടുണ്ട്. സജി ചെറിയാനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
