മോദിസർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനം; വിട്ടുകൊടുക്കാതെ DMK

ഭാഷാ വിവാദത്തിന് പിന്നാലെ കേന്ദ്രവും തമിഴ്നാടും തമ്മിലുള്ള പോര് മുറുകുന്നു. തമിഴ് നാട് നിയമസഭാ സമ്മേളനത്തിനിടയിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ ഫോർമുലയെയും ഹിന്ദി അടിച്ചേൽപ്പിക്കലിനെയും ചൊല്ലിയുള്ള ഡിഎംകെ-ബിജെപി ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് കേന്ദ്രത്തിനെതിരായ രൂക്ഷ പരാമർശങ്ങൾ തമിഴ്‌നാട് ധനമന്ത്രി തങ്കം തെന്നരസു നിയമസഭയിൽ ഉന്നയിച്ചത്.സംസ്ഥാന മദ്യവിൽപ്പന യൂണിറ്റിൽ 40,000 കോടി രൂപയുടെ അഴിമതി നടന്നതായി ആരോപണം ഉന്നയിക്കാൻ കഴിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് എഐഎഡിഎംകെ സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. മറുഭാഗത്ത് ബിജെപി ബജറ്റ് സമ്മേളനം ബഹിഷ്‌കരിച്ചു. അതിനിടയിലാണ് കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കി കൊണ്ടുള്ള പരാമർശങ്ങൾ ബജറ്റ് സമ്മേളനത്തിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടത്.സമഗ്ര ശിക്ഷാ പദ്ധതിക്കായി തമിഴ്‌നാടിന് 2150 കോടി രൂപയുടെ ഫണ്ട് നൽകാതെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ വഞ്ചിച്ചുവെന്ന് മന്ത്രി തങ്കം തെന്നരസു ആരോപിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള സംസ്ഥാനത്തിന്റെ എതിർപ്പ് പിൻവലിക്കുന്നതുവരെ കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കാൻ വിസമ്മതിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം കേന്ദ്രസർക്കാർ ഫണ്ട് തടഞ്ഞുവച്ചിട്ടും ഞങ്ങൾ ദ്വിഭാഷാ നയം ഉപേക്ഷിക്കില്ലെന്നാണ് ധനമന്ത്രി സഭയിൽ പറഞ്ഞത്. കേന്ദ്ര ഫണ്ട് തടഞ്ഞിട്ടും സംസ്ഥാന സർക്കാർ സ്വന്തം വിഭവങ്ങളിൽ നിന്ന് ഫണ്ട് അനുവദിക്കുകയും അധ്യാപകരുടെ ശമ്പളം അനുവദിക്കുന്നത് ഉറപ്പാക്കുകയും ചെയ്‌തുവെന്നും ധനമന്ത്രി വ്യക്തമാക്കി.

ആഗോളതലത്തിൽ തമിഴ് ജനതയുടെ നേട്ടങ്ങളിൽ സംസ്ഥാനത്തിന്റെ ദ്വിഭാഷാ നയം നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. തമിഴ്‌നാടിന്റെ പുരോഗതിക്ക് ഈ നയം ഗണ്യമായ സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കേന്ദ്രവുമായി വിഷയത്തിൽ കടുത്ത ഭിന്നത നിലനിൽക്കെയാണ് ധനമന്ത്രിയുടെ പ്രസ്‌താവന.ഹിന്ദി അടിച്ചേൽപ്പിക്കൽ വിഷയത്തിലും കേന്ദ്രത്തിന്റെ പുതിയ വിദ്യഭ്യാസ നയത്തിന്റെയും കാര്യത്തിലും തമിഴ്‌നാട് വിട്ടുവീഴ്‌ചയ്ക്ക് ഇല്ലെന്നതിന്റെ സൂചനയാണ് സഭയിലെ പരാമർശങ്ങൾ. പ്രത്യേകിച്ച് അടുത്ത വർഷം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡിഎംകെ നേതൃത്വം നൽകുന്ന സർക്കാർ ഒരുതരത്തിലും വിട്ടുവീഴ്‌ചയ്ക്ക് തയ്യാറാവില്ല എന്നുറപ്പാണ്.അതിനിടെ ലോകത്തിലെ ഏറ്റവും പഴക്കമേറിയ ക്ലാസിക്കൽ ഭാഷകളിലൊന്നായ തമിഴിന്റെ പൗരാണികതയെയും തുടർച്ചയെയും കുറിച്ച് യുവതലമുറയെ ബോധവൽക്കരിക്കുന്നതിനായി മധുരൈ വേൾഡ് തമിഴ് സംഘം കാമ്പസിൽ അഗരം എന്ന പേരിൽ ഭാഷകളുടെ മ്യൂസിയം സ്ഥാപിക്കാനുള്ള പദ്ധതി ഉൾപ്പെടെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതും കേന്ദ്രത്തിനുള്ള സന്ദേശമായാണ് വിലയിരുത്തുന്നത്. എന്നാൽ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യമായതിനാൽ തന്നെ ഭാഷാ വിഷയം വലിയ തരം​ഗമാകുമെന്ന കാര്യം തീർച്ചയാണ്. തമിഴ് വികാരം ഒരുപക്ഷെ തെരഞ്ഞെടുപ്പിൽ പ്രകടമായാൽ, അഥാവാ സാഹചര്യത്തെ കൃത്യമായി ഡിഎംകെ യ്ക്ക് മുതലാക്കാൻ സാധിച്ചാൽ അത് ബിജെപിക്ക് വലിയ തിരിച്ചടിയാകും .

Leave a Reply

Your email address will not be published. Required fields are marked *