മത്സ്യവിപണന സ്ത്രീ തൊഴിലാളികള്‍ക്കായി സൗജന്യ ബസ് സര്‍വ്വീസുമായി കെ എസ് ആര്‍ ടി സി സമുദ്ര

തിരുവനന്തപുരം: മത്സ്യവിപണന സ്ത്രീ തൊഴിലാളികള്‍ക്കായി സമുദ്ര എന്ന പേരില്‍ സൗജന്യ ബസ് സര്‍വ്വീസ് ആരംഭിച്ചു. പാളയം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ ഉത്ഘാടനം ചെയ്തു.

മത്സ്യത്തൊഴിലാളി സ്ത്രീകള്‍ വിപണനത്തിനായി പോകുമ്പോള്‍ നേരിടുന്ന യാത്രക്ളേശത്തിന് പരിഹാരം കാണുന്നതിനായാണ് പദ്ധതി ലക്ഷ്യമിടുന്നത് . മൂന്ന് ലോഫ്ളോര്‍ ബസുകളാണ് കെ. എസ്. ആര്‍. ടി. സി ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ഫിഷിംഗ് ഹാര്‍ബറുകളില്‍ നിന്ന് തിരുവനന്തപുരത്തെ വിവിധ കച്ചവട കേന്ദ്രങ്ങളിലേക്ക് രാവിലെ ആറു മുതല്‍ 10 വരെയുള്ള സമയത്താണ് സര്‍വീസുകള്‍ നടത്തുക.

24 പേര്‍ക്ക് ഒരു ബസില്‍ യാത്ര ചെയ്യാന്‍ കഴിയും. മത്സ്യക്കൊട്ടകള്‍ സൗകര്യപ്രദമായി പുറത്തു നിന്ന് ലോഡ് ചെയ്യാവുന്ന വിധത്തിലുള്ള റോള്‍ പ്ളാറ്റ്ഫോം, ക്യാമറയിലൂടെ നിരീക്ഷിച്ച് ഡ്രൈവര്‍ ഓപ്പറേറ്റ് ചെയ്യുന്ന ഡോറുകള്‍, മ്യൂസിക്ക് സിസ്റ്റം, റിയര്‍ ക്യാമറ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ഇതിനായി പ്രതിവര്‍ഷം 72 ലക്ഷം രൂപ ഫിഷറീസ് വകുപ്പ് അനുവദിച്ചു കഴിഞ്ഞു.തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തനം മാതൃകയാക്കി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ജില്ലകളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

ഫിഷറീസ് വകുപ്പും, കെ. എസ്. ആര്‍. ടി. സിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. മത്സ്യതൊഴിലാളി വനിതകളുടെ തൊഴില്‍ ജീവിത സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് പദ്ധതി വളരെയധികം പ്രയോജനകരമാകുമെന്നാണ് വിലയിരുത്തുന്നത്.
സൗജന്യ ബസ് സര്‍വീസിന്റെ ഉദ്ഘാടനം ബഹു. നിര്‍വ്വഹിച്ചു.

ഗതാഗത വകുപ്പ് മന്ത്രി ശ്രീ.ആന്റണി രാജു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മന്ത്രിമാരായ ശ്രീ.വി.ശിവന്‍കുട്ടി, ശ്രീ.ജി. ആര്‍. അനില്‍, എം.എല്‍.എമാരായ ശ്രീ. കെ അന്‍സലന്‍,ശ്രീ.വി.കെ പ്രശാന്ത് തുടങ്ങി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *