ബെഞ്ച് വെട്ടിപ്പൊളിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റും, പുതിയത് ലിം​ഗ സമത്വ കാഴ്ചപ്പാട് ഉയർത്തി പിടിക്കും; മേയർ

തിരുവനന്തപുരം: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നുവെന്നാരോപിച്ച് ബെഞ്ച് വെട്ടിപ്പൊളിച്ച സിഇടി ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. നിലവിലെ നിർമ്മിച്ചിരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അനധികൃതമാണ്.
അത് പൊളിച്ചമാറ്റി ആധുനിക സൗകര്യത്തോട് കൂടി ലിംഗ സമത്വ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിക്കുമെന്നും മേയര്‍ കൂട്ടിച്ചേർത്തു.

ബെഞ്ച് വെട്ടിപ്പൊളിച്ചതിനെ തുടര്‍ന്ന് വിവാദമായ തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിന് സമീപത്തെ ബസ് സ്റ്റാന്‍ഡ് സന്ദര്‍ശിക്കുകയായിരുന്നു മേയര്‍. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കാനുണ്ടായ സാഹചര്യം കൂടി നമ്മള്‍ മനസ്സിലാക്കണം. അവര്‍ അങ്ങനെ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു ബസ് സ്റ്റാന്‍ഡ് നശിപ്പിക്കപ്പെടുന്നു അല്ലെങ്കില്‍ അതിന്റെ ഘടനയില്‍ മാറ്റം വരുത്തുന്നു എന്ന് പറയുന്നത് തെറ്റായ നടപടിയാണ്. അതില്‍ പ്രതികരിക്കാന്‍ തീരുമാനിച്ചതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനം അറിയിക്കുന്നുവെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരുന്നുവെന്ന് ആരോപിച്ചാണ് സിഇടി കൊളേജിന് സമീപത്തുള്ള ബസ് സ്റ്റോപ്പിലെ ഇരിപ്പിടം സദാചാര വാദികള്‍ പൊളിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ഒരുമിച്ച് ഇരിക്കാന്‍ സാധിച്ചിരുന്ന ബെഞ്ച് പൊളിച്ച് ഒരാള്‍ക്കു മാത്രം ഇരിക്കാന്‍ സാധിക്കുന്ന ഇരിപ്പിടമാക്കി സാദാചാര വാദികള്‍ മാറ്റുകയായിരുന്നു. ആദ്യം സംഭവം മനസ്സിലായില്ലെങ്കിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് തിരിച്ചറിഞ്ഞതോടെ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രതിഷേധമുയര്‍ന്നു. ഇതിന് പിന്നാലെ ഒരാള്‍ക്കു മാത്രം ഇരിക്കാന്‍ സാധിക്കുന്ന ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നുകൊണ്ട് പ്രതിഷേധിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *