പാഴാകുന്ന പ്രതിഭ

  • സഞ്ജയ് ദേവരാജന്‍

കോവിഡ് കാലത്തിനു ശേഷം, തിയറ്ററുകളില്‍ എത്തുന്ന മോഹന്‍ലാല്‍ പടങ്ങള്‍ ഒന്നും തന്നെ തീയേറ്ററുകളില്‍ ക്ലച്ച് പിടിക്കുന്നില്ല. എന്നാല്‍ ഇതിനിടെ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എത്തിയ 12ത് മാന്‍, ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങള്‍ക്ക് നല്ല സ്വീകരണം ലഭിക്കുകയും ചെയ്തു.

മോഹന്‍ലാല്‍ എന്ന നടന്റെ കരിയറില്‍ ഇടയ്ക്കിടെ സംഭവിക്കുന്ന വീഴ്ചകളായി നമുക്ക് ഇതിനെ കാണാം. എല്ലാത്തവണയും മോഹന്‍ലാല്‍ പരാജയങ്ങളെ തകര്‍ത്തു തരിപ്പണമാക്കി ഇന്‍ഡസ്ട്രീ ഹിറ്റ് കള്‍ നല്‍കി തിരിച്ചുവരികയും ചെയ്യും.

അപ്പോഴും പാഴായിപ്പോകുന്ന മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയുടെ കഴിവും സമയവും നഷ്ടങ്ങളായി തന്നെ നില്‍ക്കുകയും ചെയ്യും.

മോഹന്‍ലാലിന്റെ തന്നെ വാക്കുകള്‍ എടുത്തു പറഞ്ഞാല്‍ എപ്പോഴും ഒരുപോലെ വിജയങ്ങളും, അല്ലെങ്കില്‍ എപ്പോഴും എല്ലാ ശരിയായി മുന്നോട്ടു പോവുകയും ചെയ്യുമ്പോള്‍ ഒരു മടിപ്പ് അനുഭവിക്കും.വെല്ലുവിളികള്‍ ഉണ്ടെങ്കില്‍ മാത്രമേ ശക്തമായി മുന്നോട്ടു പോകാനുള്ള ആവേശം തോന്നുകയുള്ളൂ.

മോഹന്‍ലാലിന് തന്റെ സഹപ്രവര്‍ത്തകനായ മമ്മൂട്ടി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തിരഞ്ഞെടുക്കുന്ന സിനിമകളെയും സംവിധായകരെയും ശ്രദ്ധിക്കാം. മിക്കവാറും എല്ലാവരും യുവ സംവിധായകരോ, പുതിയ എഴുത്തുക്കാരോ ആയിരിക്കും. ഈ സിനിമകള്‍ എല്ലാം തന്നെ വിജയിക്കുന്നുമില്ല. എന്നാല്‍ വ്യത്യസ്തമായ പ്രമേയവും, പുതിയ കാര്യങ്ങള്‍ പറയുവാനുള്ള ശ്രമമോ ഒക്കെ ആ സിനിമകളില്‍ കാണാം. കിട്ടുന്ന അവസരം മുതലാക്കി വിജയിക്കുന്ന സംവിധായകരും എഴുത്തുകാരും മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടായി മാറുന്നത് നമുക്ക് കാണാം.

1986 മുതല്‍ മലയാള സിനിമയുടെ വിജയ നായകനായി അനിഷേധ്യമായി തുടരുന്ന മോഹന്‍ലാല്‍ എന്ന നടന്‍, ഇനിയെങ്കിലും പുതിയ പ്രമേയങ്ങളുമായി വരുന്ന സംവിധായകരെയും എഴുത്തുകാരെയും പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഫാസില്‍ എന്ന യുവ സംവിധായകന്‍, പുതിയ പ്രമേയവും പുതിയ താരങ്ങളുമായി മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന പരീക്ഷണ ചിത്രം ഒരുക്കിയപ്പോഴാണ് മോഹന്‍ലാല്‍ എന്ന നടന്‍ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത് എന്നത് മോഹന്‍ലാല്‍ ഓര്‍ക്കേണ്ടതാണ്.

തന്റെ കരിയറിന് ഇടയ്ക്ക് വെച്ച് ചില പുതിയ സംവിധായകരെയും മറ്റുമൊക്കെ മോഹന്‍ലാല്‍ പരീക്ഷിക്കുകയും ചെയ്‌തെങ്കിലും , അവരില്‍ ചിലരുടെ പരാജയങ്ങള്‍ മോഹന്‍ലാല്‍ എന്ന നടന്‍ വീണ്ടും തന്റെ പഴയ കൂട്ടുകെട്ടുകളിലേക്ക് മടങ്ങുന്നത്തിന് കാരണമായി വിലയിരുത്തപ്പെടുന്നുണ്ടാവാം. എന്നാല്‍ പഴയ കൂട്ടുകെട്ടുകള്‍ക്കൊപ്പം, പുതിയ പരീക്ഷണങ്ങളും ആയി മുന്നോട്ട് പോവുകയാണെങ്കില്‍ വലിയ മാറ്റങ്ങള്‍ മലയാള സിനിമയില്‍ സംഭവിക്കാം.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മോശമായ ഇന്‍ഡസ്ട്രിയായി കരുതിയിരുന്ന കന്നട സിനിമകള്‍, ഇന്ന് പാന്‍ ഇന്ത്യന്‍ സിനിമകളായി മാറുന്ന കാഴ്ച്ച നാം കാണുന്നുണ്ട്. അത്തരത്തില്‍ മലയാള സിനിമയ്ക്ക് ഒരു വളര്‍ച്ച ഉണ്ടാവണമെങ്കില്‍ മോഹന്‍ലാല്‍ എന്ന നടന്‍ കൂടെ സിനിമയില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് മാറേണ്ടതുണ്ട്.

ഇന്ത്യന്‍ സിനിമയുടെ പ്രതീകങ്ങളായി നിലനിന്നിരുന്ന ഹിന്ദി സിനിമകള്‍ പ്യാര്‍, മൊഹബത്ത്, ദേശ് സ്‌നേഹ് തുടങ്ങിയ പഴകിയ പ്രമേയങ്ങളുമായി സഞ്ചരിക്കുക വഴി ഇന്ത്യന്‍ സിനിമയില്‍ പിന്തള്ളപ്പെട്ടു പോകുന്നത് കാണേണ്ടതുണ്ട്.

മോഹന്‍ലാലിന്റെ സിനിമകളില്‍ സ്ഥിരമായി കണ്ടുവരുന്ന ദേശസ്‌നേഹിയായ പേരില്ലാത്ത സീക്രട്ട് ഏജന്റ്, റോ ഏജന്റ് , അവരുടെ സീക്രട്ട് മിഷന്‍ എന്നിവ തന്നെ ഇനിയും കാണാന്‍ മലയാള പ്രേക്ഷകരെ മോഹന്‍ലാല്‍ എന്ന നടന്‍ നിര്‍ബന്ധിതനാക്കരുത്.

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനോടൊപ്പം ഉള്ള മോഹന്‍ലാലിന്റെ പുതിയ പ്രോജക്ടിന്റെ അനൗണ്‍സ്‌മെന്റ്, പുതുവഴികളിലേക്കുള്ള മോഹന്‍ലാല്‍ എന്ന നടന്റെ സഞ്ചാരത്തിന്റെ തുടക്കമായി നമുക്ക് പ്രതീക്ഷയോടെ നോക്കി കാണാം

Leave a Reply

Your email address will not be published. Required fields are marked *