ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷക വിരുദ്ധ ബില്ലുകള്‍ പിന്‍വലിയ്ക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ദിവസം ഇരുനൂറു കര്‍ഷകര്‍ വീതം പങ്കെടുക്കുന്ന വിധത്തിലാണ് സമരം. പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്ന എല്ലാവരും ബാഡ്ജ് ധരിയ്ക്കും. പാര്‍ലമെന്റ് വളയാനോ അകത്തേക്ക് തള്ളിക്കയറാനോ ശ്രമിയ്ക്കാത്ത വിധത്തിലാണ് സമരം നടത്താന്‍ തിരുമാനിച്ചിട്ടുള്ളത്. മാര്‍ച്ചില്‍ പങ്കെടുക്കുന്നവരുടെ മൊബൈല്‍- ആധാര്‍ നമ്പറുകള്‍ കൈമാറാമെന്ന് ഡല്‍ഹി പൊലീസുമായുള്ള ചര്‍ച്ചയില്‍ കര്‍ഷകസംഘടനാ നേതാക്കള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ അതീവ സുരക്ഷാമേഖലയായ പാര്‍ലമെന്റ് പരിസരത്തേക്ക് മാര്‍ച്ചു നടത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും വേദി ജന്തര്‍മന്ദറിലേക്ക് മാറ്റണമെന്നും ഡല്‍ഹി പൊലീസ് ആവശ്യപെട്ടിരുന്നു. ഇതിന് പുറമെ, കോവിഡ് സാഹചര്യത്തില്‍ പ്രതിഷേധം അനുവദിക്കാന്‍ കഴിയില്ലെന്നും പൊലീസ് കര്‍ഷക നേതാക്കളെ അറിയിച്ചിട്ടുണ്ട്. അതേസമയം, ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക സമരം പാര്‍ലമെന്റിന് മുന്നിലേക്ക് നീങ്ങാനിരിക്കേ തലസ്ഥാന നഗരിയില്‍ സുരക്ഷ ശക്തമാക്കി. ആവശ്യമെങ്കില്‍ ഇന്ന് പാര്‍ലമെന്റിന് സമീപത്തുള്ള ഏഴു മെട്രോ സ്റ്റേഷനുകള്‍ അടച്ചിടേണ്ടി വരുമെന്ന് ഡല്‍ഹി പൊലീസ് മെട്രോ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
