കണ്ണൂര്‍ : കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴിയുള്ള ദേശിയപാതയ്ക്ക് അനുമതി.കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.കേരളത്തിലൂടെയുള്ള 11റോഡുകള്‍ ഭാരത് മാതാ പ്രോജക്ടില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. കണ്ണൂര്‍ എയര്‍ പോര്‍ട്ട് വഴിയുള്ള ചൊവ്വ – മട്ടന്നൂര്‍ – കൂട്ടും പുഴ – വളവുപാറ – മാക്കൂട്ടം – വിരാജ്‌പേട്ട- മടിക്കേരി മൈസൂര്‍ വരെയുള്ള റോഡിന്റെ കേരളത്തിലെ സ്‌ട്രെച്ച് നാഷണല്‍ ഹൈവേയായി അപ്‌ഗ്രേഡ് ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.നിതിന്‍ ഗഡ്കരിയുടെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഈ തീരുമാനമുണ്ടായത്.
തിരുവനന്തപുരം പാരിപ്പള്ളി മുതല്‍ വിഴിഞ്ഞം വരെ 80 കി.മീ റിംഗ് റോഡ് നിര്‍മ്മിക്കുന്നതിനും തത്വത്തില്‍ അംഗീകാരമായി.വിഴിഞ്ഞം തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക സാദ്ധ്യതകള്‍ കൂടി കണക്കിലെടുത്താവും പുതിയ പദ്ധതി വികസിപ്പിക്കുക. 4500 കോടി രൂപയാണ് പദ്ധതി തുക പ്രതീക്ഷിക്കുന്നത്. നഗരത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായകമാകും പുതിയ പദ്ധതി.
പദ്ധതിയുടെ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതാണ്. കേരളത്തിലൂടെയുള്ള 11റോഡുകള്‍ ഭാരത് മാതാ പ്രോജക്ടില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി.
കേരളത്തിലെ 12 റോഡുകള്‍ നാഷണല്‍ ഹൈവേകളായി പ്രഖ്യാപിക്കുന്നതിന് നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ പ്രാരംഭ അനുമതി നല്‍കിയിരുന്നതും അതനുസരിച്ച് ഡീറ്റെയില്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതുമാണ്. എന്നാല്‍ അലയിന്റ്‌മെന്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം പുതിയ റോഡുകള്‍ ഉടന്‍ അപ്‌ഗ്രേഡ് ചെയ്യില്ലെന്ന തീരുമാനം എന്‍.എച്.എ.ഐ അറിയിച്ചിരുന്നു. തുടര്‍ന്ന് ട്രാഫിക് കൂടുതലുള്ള റോഡുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നത് സംബന്ധിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ റോഡ് – ഗതാഗത ഹൈവേ മന്ത്രാലയം സെക്രട്ടറിയുമായി കൊച്ചിയിലും ചര്‍ച്ച നടത്തിയിരുന്നു.
