സ്കൂളിൽ തെറ്റുകൾ ചെയ്യുന്ന കുട്ടികളെ അദ്ധ്യാപകർ ശിക്ഷിക്കുന്നതിനെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ അമേരിക്കയിലെ ഒരു സ്കൂളിൽ വിദ്യാർത്ഥി ശിക്ഷിക്കപ്പെട്ട കാരണമറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് മതാപിതാക്കൾ. കുട്ടിയുടെ ഐപാഡിൽ 93 ശതമാനം ചാർജ് മാത്രമേ ഉണ്ടായിരുന്നതാണ് ശിക്ഷ ലഭിക്കാൻ കാരണം. ഈ വിവരം കുട്ടിയുടെ അമ്മ തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.
കുട്ടികൾ സ്കൂളിലെത്തുമ്പോൾ കുറഞ്ഞതു 97 ശതമാനം ചാർജ് എങ്കിലും അവരുടെ ഐപാഡിൽ ഉണ്ടായിരിക്കണമെന്നാണ് നിയമമെന്നും അതു ലംഘിക്കുന്ന പക്ഷം ശിക്ഷ നൽകുമെന്നുമാണ് സ്കൂളിൽ ബന്ധപ്പെട്ടപ്പോൾ അറിയാൻ സാധിച്ചതെന്നും അമ്മ ട്വിറ്ററിൽ കുറിച്ചു. ഞാൻ അമ്പരന്നിരിക്കുകയാണെന്നും ഇത്തരം വിഡ്ഢിത്തം ആരെങ്കിലും കേട്ടിട്ടുണ്ടോ എന്നും അമ്മ സമൂഹ മാധ്യമത്തിലൂടെ ചോദിച്ചു.
സോഷ്യൽ മിഡിയയിൽ പങ്കു വച്ചതോടെ നിരവധി ആളുകളാണ് പ്രതികരണങ്ങളുമായെത്തിയത്. പെൻസിലിനു മൂർച്ചയില്ലെന്ന കാരണത്താലാണ് തന്റെ മകന് സ്കൂളിൽനിന്നു ശിക്ഷ കിട്ടിയതെന്നു മറ്റൊരാൾ കമന്റു ചെയ്തു. എന്നിരുന്നാലും ഈ ശിക്ഷാരീതിയിൽ തെറ്റൊന്നുമില്ലെന്നും സ്കൂളിൽ വച്ചു ഐപാഡ് ചാർജ് ചെയ്യുന്നതു ബുദ്ധിമുട്ടായതു കൊണ്ടാണ് ഇങ്ങനെയെന്നും ഒരാൾ കമന്റു ചെയ്തു.
