അസാനി; കേരളത്തിലും മഴ ശക്തം; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യബന്ധന വിലക്ക് തുടരുന്നു

തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും മഴ ശക്തം. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. മണിക്കൂറിൽ അമ്പത് കിലോ മീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. അസാനി ചുഴലിക്കാറ്റ് ആന്ധ്ര തീരത്തിന് അടുത്തെത്തി. ആന്ധ്ര, ഒഡീഷ തീരങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് വിശാഖപട്ടണം തുറമുഖം തൽക്കാലത്തേക്ക് അടച്ചിട്ടു. നിരവധി വിമാന സർവ്വീസുകളും ട്രെയിനുകളും റദ്ദാക്കി. രാത്രിയോടെ തീവ്രത കുറഞ്ഞ് അസാനി ബംഗാൾ ഉൾക്കടലിൽ പ്രവേശിക്കും.

അതീതീവ്ര ചുഴലിക്കാറ്റിൽ നിന്ന് തീവ്ര ചുഴലിക്കാറ്റായതോടെ അസാനിയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. മച്ച്ലി തീരത്തിനടുത്ത് എത്തുന്നതോടെ മണിക്കൂറിൽ 95 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ആന്ധ്ര ഒഡീഷ തീരങ്ങളിൽ ഇന്ന് ഉച്ച മുതൽ തുടങ്ങിയ മഴ കൂടുതൽ ശക്തമായി. മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. റാണിപേട്ട് നദിയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി. ഒഡീഷ പശ്ചിമബംഗാൾ തീരങ്ങളിലും കനത്ത മഴയുണ്ട്. വിശാഖപട്ടണം വിജയവാഡ വിമാനത്താവളങ്ങൾ തൽക്കാലത്തേക്ക് അടച്ചു. ഹൈദരാബാദ് ചെന്നൈ ബെംഗ്ലൂരു വിമാനത്താവളങ്ങളിൽ നിന്നും ചില സർവ്വീസുകൾ റദ്ദാക്കി. ഈസ്റ്റ് കോസ്റ്റ് റെയിൽവേ ആന്ധ്ര ഭുവനേശ്വർ റൂട്ടിലൂടെയുള്ള ഇരുപതോളം ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി.

Leave a Reply

Your email address will not be published. Required fields are marked *