സംസ്ഥാനത്തെ ഹോട്ടലുകളിലെ വിലക്കയറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വളരെ പ്രധാന്യത്തോടെയാണ് കാണുന്നതെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. സംസ്ഥാനത്ത് സാധാരണക്കാരന് ആശ്വാസകരമാകും വിധത്തിലുള്ള നടപടികളും പദ്ധതികളും എത്രയും പെട്ടെന്ന് തന്നെ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹോട്ടലുകളെ ഗ്രേഡ് തിരിച്ച് ഹോട്ടല്‍ ഭക്ഷണങ്ങളുടെ വില നിശ്ചയിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നതായും മന്ത്രി പറഞ്ഞു.
ഹോട്ടലുകളിലെ വിലവര്‍ധനവുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് വേണ്ടി കളക്ടര്‍, സിവില്‍ സപ്ലൈസ് ഓഫീസര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ഒരു ടീമിനെ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കളക്ടര്‍മാരേയും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍മാരേയും സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറേയും പങ്കെടുപ്പിച്ചുകൊണ്ട് ഈ കാലയളവില്‍ ഓണ്‍ലൈനായി രണ്ട് യോഗങ്ങള്‍ ചേരുകയും ചെയ്തു. ഓരോ ജില്ലകളിലും ഈ ടീമിന്റെ നേതൃത്വത്തില്‍ നേരിട്ടുള്ള ഇടപെടലുകള്‍ നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
ഹോട്ടലുകളിലെ ഭക്ഷണങ്ങളുടെ വില നിയന്ത്രണത്തിനായി ഹോട്ടലുകളെ ഗ്രേഡ് തിരിക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ കഴിഞ്ഞു. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ വില നിശ്ചയിക്കാന്‍ നിയമപരമായുള്ള അധികാരം സര്‍ക്കാരിനില്ല. എന്നാല്‍ ഹോട്ടലുകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നത് ഉറപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കും. അതിനുള്ള നടപടികള്‍ നടന്ന് വരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
