സർക്കാരിന്റെ തീരുമാനം ; കേരളത്തിൽ BJP വിലക്കി ;​ഗുജറാത്തിൽ സ്വീകരണം

സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരളം നടത്തിയ തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനം ഗുജറാത്ത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പഠിക്കുന്നു. 30 ദിവസംകൊണ്ട് നടത്തിയ കേരള മാതൃക നടപ്പാക്കാൻ ഗുജറാത്ത് കമ്മിഷൻ താത്പര്യവും അറിയിച്ചു. കേരള മാതൃക സുഗമമാണെന്ന് ഗുജറാത്ത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ജി.സി. ബ്രഹ്മ്ഭട്ട് കേരളത്തിലെ തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിൽ പറയുന്നു. ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ QField സോഫ്ട്‌വെയർ ഉപയോഗിച്ച് 20 ദിവസം കൊണ്ടാണ് വാർഡ് വിഭജന നടപടികൾ സംസ്ഥാനം പൂർത്തിയാക്കിയത്. ഈ ആപ്പിൽ നെറ്റ്‌വർക്കില്ലാത്ത സ്ഥലങ്ങൾക്കായി ഓഫ്‌ലൈൻ മാപ്പിംഗ് സംവിധാവും തയ്യാറാക്കിയിരുന്നു. ഐ.കെ.എമ്മിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ഫീൽഡ് ജീവനക്കാർക്കും പരിശീലനം നൽകി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. വാട്ട്സാപ്പ് ഗ്രൂപ്പ് തുടങ്ങി ജീവനക്കാരുടെ പരാതികളും സംശയങ്ങളും പരിഹരിച്ചു. കേരളത്തെ മാതൃകയാക്കാനുള്ള ഗുജറാത്തിന്റെ താത്പര്യം, ഇൻഫർമേഷൻ കേരളാ മിഷനുള്ള അംഗീകാരമാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

ക്യൂഫീൽഡ് ആപ്പിൽ തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ഫീൽഡ് പരിശോധന നടത്തിയാണ് അതിർത്തികൾ രേഖപ്പെടുത്തിയത്. ഇന്റർനെറ്റ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ആപ്പിൽ നെറ്റ്‌വർക്ക് കണക്ടിവിറ്റി ഇല്ലാത്ത സ്ഥലങ്ങൾക്കായി ഓഫ്‌ലൈൻ മാപ്പിങും നടത്തിയിരുന്നു.

എന്നാൽ അതേസമയം കേരളത്തിൽ വാർഡ് പുനർവിഭജനത്തിനെതിരെ നിരവധി പരാതികളാണ് കോടതിക്ക് മുന്നിൽ എത്തിയത്. സർക്കാരിന്റെ തീരുമാനം അശാസ്ത്രീയമാണെന്നും പരാതിയിൽ പറഞ്ഞിരുന്നു. തദ്ദേശ സ്വയംഭരണ വാർഡ് വിഭജനം ചോദ്യം ചെയ്തുള്ള അപ്പീലിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് നൽകിയിരുന്നു. ജനസംഖ്യ മാറിയ സാഹചര്യത്തിൽ എങ്ങനെ എണ്ണം കണക്കാക്കുമെന്ന് സുപ്രീംകോടതി ചോദിച്ചു. വാർഡ് പുനർ വിഭജനം ഏകപക്ഷീയമല്ലേയെന്നും സുപ്രിംകോടതി ചേദിച്ചു.

തദ്ദേശ വാർഡ് വിഭജനത്തിന്റെ കരടിന്മേൽ പുനർവിഭജന കമ്മീഷന് ലഭിച്ചത് പരാതികളുടെ പ്രളയമായിരുന്നു. 14 ജില്ലകളിൽ നിന്നായി 16,896 പരാതികളാണ് രേഖാമൂലം ലഭിച്ചത്. സംസ്ഥാനത്താകെ 30 പഞ്ചായത്തുകൾ ഒഴികെ മറ്റെല്ലാ തദ്ദേശസ്ഥാപനങ്ങളിൽ നിന്നും കരടിനെതിരെ പരാതി ഉയർന്നു. മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവുമധികം പരാതി ഉയർന്നിട്ടുള്ളത്. മലപ്പുറത്ത് 2834, കോഴിക്കോട് 2647, തിരുവനന്തപുരത്ത് 2009, കണ്ണൂരിൽ 1527 എന്നാണ് പരാതികളുടെ എണ്ണത്തിലെ ആദ്യ സ്ഥാനങ്ങൾ. ഇടുക്കി ജില്ലയിൽ നിന്നാണ് ഏറ്റവും കുറവ് പരാതികൾ ലഭിച്ചത്, 480 എണ്ണം.41 തദ്ദേശസ്ഥാപനങ്ങൾ മാത്രമുള്ള കാസർകോട്ട് നിന്ന് 853 പരാതികൾ ലഭിച്ചു. കോർപ്പറേഷനുകളിൽ ഏറ്റവും കൂടുതൽ പരാതി വന്നത് തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നാണ്. 874 എണ്ണം. പരാതികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം എറണാകുളം കോർപ്പറേഷനും മൂന്നാം സ്ഥാനം തൃശൂർ കോർപ്പറേഷനുമാണ്.

പുനർ വിഭജനത്തെ സിപിഎം രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചു എന്നതാണ് ഉയരുന്ന പ്രധാന വിമർശനം. പരാതികളിൽ ഭൂരിഭാഗവും ഈ വിഷയത്തിൽ ആയിരിക്കും. ചട്ടങ്ങൾ പാലിച്ചല്ല വിഭജനം എന്നാണ് കോൺഗ്രസും മുസ്‌ലിം ലീഗും ബിജെപിയും നിലപാട് എടുത്തിരിക്കുന്നത്. കൃത്യമായി പരിഹരിക്കപ്പെട്ടില്ലെങ്കിൽ പരാതികൾ വലിയ രാഷ്ട്രീയ കലഹങ്ങൾക്ക് കാരണമാകും.ലഭിച്ച ഓരോ പരാതിയിലും പുനർ വിഭജന കമ്മീഷൻ അന്വേഷണം നടത്തും. പബ്ലിക് ഹിയറിങ് നടത്തി പരാതിക്കാരെ നേരിൽ കാണും. എന്നിട്ടാകും അന്തിമ വിജ്ഞാപന പ്രഖ്യാപനം. പരാതികളുടെ പ്രളയത്തിനിടെ ഇത് എത്ര നീളും എന്നതാണ് ഇപ്പോഴത്തെ ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *