മലപ്പുറം: സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ചതിലുള്ള മനോവിഷമം. മലപ്പുറം മമ്പാട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മരണകാരണം വീഡിയോയായി ചിത്രീകരിച്ചശേഷമാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. ”മകളെ ഭര്‍ത്താവ് അബ്ദുള്‍ ഹമീദ് ക്രൂരമായി പീഡിപ്പിക്കുന്നു. എന്റെ വേദന കേരളം ഏറ്റെടുക്കണം. പത്ത് പവന്‍ നല്‍കാതെ മകളെ വേണ്ടെന്ന് ഭര്‍ത്താവ് പറയുന്നു” ഇങ്ങനെയാണ് മൂസക്കുട്ടി വീഡിയോയില്‍ പറയുന്നത്.
കഴിഞ്ഞ മാസം 23നായിരുന്നു സംഭവം. മൂസക്കുട്ടിയുടെ മകള്‍ ഹിബയും ഒതായി തെഞ്ചേരി സ്വദേശി അബ്ദുള്‍ ഹമീദും 2020 ജനുവരി 12നാണ് വിവാഹിതരായത്.വിവാഹ സമയത്തുള്ള 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പോരെന്ന് പറഞ്ഞപ്പോള്‍ ആറ് പവന്‍ വീണ്ടും മൂസക്കുട്ടി നല്‍കി.
അതും പോരെന്നും പത്ത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൂടി കൊടുത്താലേ പ്രസവിച്ചു കിടക്കുന്ന ഹിബയേയും കുഞ്ഞിനേയും വീട്ടിലേക്ക് കൊണ്ടുപോകുകയുള്ളൂവെന്ന് പറഞ്ഞ് അബ്ദുള്‍ ഹമീദ് ഹിബയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു.
അന്നുമുതല്‍ സ്ത്രീധനം കുറഞ്ഞെന്നു പറഞ്ഞുള്ള പീഡനമായിരുന്നുവെന്ന് ഹിബ പറഞ്ഞു. ഹിബയുടെ പരാതിയില്‍ നിലമ്പൂര്‍ പൊലീസ് അബ്ദുള്‍ ഹമീദിനും മാതാപിതാക്കള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
