അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായ പേരും കളര്‍കോഡും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജവും സമാന്തരവുമായ സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നതിനും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ മാത്രം തൊട്ടടുത്ത അക്ഷയ കേന്ദ്രങ്ങള്‍ക്ക് കീഴില്‍ ഉപകേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനും ഐ.ടി വകുപ്പ് നടപടി സ്വീകരിക്കണമെന്ന് സ്റ്റേറ്റ് ഐ.ടി എംപ്ലോയീസ് യൂണിയന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാനാവാതെ അക്ഷയ കേന്ദ്രങ്ങള്‍ പ്രയാസപ്പെടുമ്പോള്‍ വീണ്ടും പുതിയ അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതും സമാന്തര കേന്ദ്രങ്ങള്‍ക്ക് ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാന്‍ മൗനാനുവാദം നല്‍കുന്നതും അംഗീകരിക്കാനാവുന്നതല്ലെന്ന് യോഗം വിലയിരുത്തി.
സംസ്ഥാന ട്രഷറര്‍ ശ്യാംസുന്ദര്‍ ആലപ്പുഴ യോഗം ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡണ്ട് പി.പി അബ്ദുല്‍നാസര്‍ കോഡൂര്‍ അധ്യക്ഷത വഹിക്കുകയും ജനറല്‍ സെക്രട്ടറി സി.ഹാസിഫ് ഒളവണ്ണ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. യൂണിയന് ഭാരവാഹികളായ യു.പി ഷറഫുദ്ദീന് ഓമശ്ശേരി, ഷബീര്‍ തുരുത്തി കാസര്‍കോട്, അബ്ദുല്‍ഹമീദ് മരക്കാര്‍ ചെട്ടിപ്പടി, ഷെബു സദക്കത്തുള്ള പാലക്കാട്, മുട്ടം അബ്ദുള്ള എറണാകുളം, പി.കെ മന്‍സൂര്‍ പൂക്കോട്ടൂര്‍, കെ.പി ഷിഹാബ് പടിഞ്ഞാറ്റുമുറി തുടങ്ങിയവര്‍ സംസാരിച്ചു.

 
                                            