തിരുവനന്തപുരം: കേരളവും വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന് കുട്ടി. കല്‍ക്കരി ഉല്‍പ്പാദനം വൈദ്യുത നിലയങ്ങളില്‍ വെട്ടിക്കുറച്ചതോടെ ഉത്തരേന്ത്യയില്‍ രൂക്ഷമായ വൈദ്യുത പ്രതിസന്ധി കേരളത്തെയും ബാധിച്ചേക്കും. അതിനാല്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
കല്‍ക്കരി പ്രതിസന്ധി കേരളത്തെയും ബാധിച്ചു. കേന്ദ്രത്തില്‍ നിന്നും കിട്ടുന്ന വൈദ്യുതിയുടെ ലഭ്യത കുറഞ്ഞു. ഈ സാഹചര്യത്തില്‍ തല്‍ക്കാലത്തേക്കെങ്കിലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും. സംസ്ഥാനത്ത് മൂവായിരം മെഗാവാട്ടോളം കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ജല വൈദ്യുത പദ്ധതികളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്ര ഗ്രിഡില്‍ നിന്നുള്ള വൈദ്യുതിയെ സാരമായി തന്നെ കേരളം ആശ്രയിച്ചു വരുന്നുണ്ട്. ഇതിനിടെയാണ് കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് കേരളത്തിലേക്ക് എത്തുന്ന വൈദ്യുതിയിലും കുറവുണ്ടായത്. എനര്‍ജി എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങിയാണ് കേരളം തല്ക്കാലം പ്രതിസന്ധിയെ മറികടക്കുന്നത്. അതേസമയം, കല്‍ക്കരി വിതരണത്തില്‍ വൈകാതെ പുരോഗതിയുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.
