ന്യൂഡല്‍ഹി: കോവിഡ് ലോക്ക്ഡൗണിനെത്തുടര്‍ന്ന് അടച്ചിട്ട സ്കൂളുകളും കോളേജുകളും ഇന്ന് തുറക്കും. ദില്ലി,രാജസ്ഥാന്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഇന്ന് സ്കൂളുകള്‍ തുറക്കുക. 50 % വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനമനുവദിക്കു. മാതാപിതാക്കളുടെ അനുമതിപത്രവും ഹാജരാക്കണം. ക്ലാസ്സുകളില്‍ പങ്കെടുക്കുന്നത് നിര്‍ബന്ധമല്ലെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
രാജസ്ഥാനില്‍ ആദ്യഘട്ടമായി 9 മുതല്‍ 12 വരെയുള്ള ക്ലാസുകളും കോളേജുകളും ആണ് തുറക്കുന്നത്. 50 % വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഉത്തര്‍പ്രദേശില്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസ്സുകളും മധ്യപ്രദേശില്‍ ആറു മുതല്‍ 12 വരെയുള്ള ക്ലാസ്സുകളും ഇന്ന് ആരംഭിക്കും.തമിഴ്നാട്ടില്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളും കോളേജുകളും മാത്രമാണ് ഇന്ന് തുടങ്ങുന്നത്. ഒരു ക്ലാസില്‍ 20 കുട്ടികള്‍ എന്ന നിലയില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സ്കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. സ്കൂള്‍ കുട്ടികള്‍ക്ക് ബസ് യാത്ര സൗജന്യമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കോളേജുകളിലും ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസ്.
