പടിഞ്ഞാറത്തറ: തുടര്‍ച്ചയായി ശല്യംചെയ്യുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്ത മദ്യപനെ ശക്തമായി നേരിട്ട് യുവതി. വയനാട് പരമരം കാപ്പുംചാല്‍ സ്വദേശിയായ സന്ധ്യയാണ് അക്രമിയെ സ്വയം കൈകാര്യം ചെയ്തത്.
ഞായറാഴ്ച മാനന്തവാടി-കല്‍പ്പറ്റ റൂട്ടില്‍ പടിഞ്ഞാറത്തറ ടൗണിലാണു സംഭവം. നാലാം മൈലില്‍നിന്നു ബസില്‍ കയറിയ സന്ധ്യ മുൻവശത്തെ വാതിലിനു സമീപമുള്ള ഡോറിലാണ് ഇരുന്നത്. പടിഞ്ഞാറത്തറയില്‍നിന്നാണു മദ്യപൻ ഇതേ ബസിൽ കയറിയത്. അല്‍പസമയം കഴിഞ്ഞപ്പോഴേക്കും ഇയാള്‍ ശല്യപ്പെടുത്താന്‍ തുടങ്ങിയെന്നു സന്ധ്യ പറയുന്നു. പിന്നില്‍ സീറ്റ് കാലിയുണ്ടെന്നും അവിടെ പോയി ഇരുന്നോളൂവെന്നും സന്ധ്യ പറഞ്ഞെങ്കിലും അയാള്‍ കേള്‍ക്കാന്‍ തയാറായില്ല.
ബസിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയും അയാളോട് മാറിയിരിക്കാന്‍ പറഞ്ഞു. അയാള്‍ തയ്യാറാകാതിരുന്നതോടെ സന്ധ്യ കണ്ടക്ടറോട് കാര്യം പറഞ്ഞു. കണ്ടക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ എണീറ്റുപോയി. തുടര്‍ന്ന് സന്ധ്യയേയും കണ്ടക്ടറേയും അടക്കം തെറിവിളിച്ചു. പിന്നീട് ബസിന് മുന്നില്‍ കയറിനിന്നുകൊണ്ട് കേള്‍ക്കുമ്പോള്‍ അറപ്പുളവാക്കുന്ന വാക്കുകള്‍ സന്ധ്യയെ നോക്കി പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴൊന്നും സന്ധ്യ പ്രതികരിച്ചില്ല. തുടര്‍ന്ന് ഇയാളെ ബസില്‍ നിന്നും ഇറക്കിവിട്ടു. പിന്നീട് ബസിലേക്ക് കയറിയയാള്‍ അസഭ്യം പറഞ്ഞുകൊണ്ട് എന്റെ താടിക്ക് തോണ്ടികൊണ്ടിരുന്നു. അപ്പോഴാണ് താഴെ ഇറങ്ങി അയാളെ കൈകാര്യം ചെയ്തതെന്ന് സന്ധ്യ പറഞ്ഞു.
