ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉടനെ വധിക്കും’ എന്ന് വധ ഭീഷണി സന്ദേശം. ഞായറാഴ്ച രാത്രി 10.22 ഓടെയാണ് അടിയന്തരസാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഉത്തര്‍പ്രദേശ് പൊലീസിന്റെ 112 ടോള്‍ ഫ്രീ നമ്പറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഈ മാസം ഇത് രണ്ടാമത്തെ ഭീഷണി സന്ദേശമാണ് യോഗി ആദിത്യനാഥിനെതിരെ വരുന്നത്.
സന്ദേശത്തിന് പിന്നില്‍ രഹാന്‍ എന്ന് പേരുള്ളയാളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 506, 507, ഐ.ടി. ആക്ടിലെ 66 വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും വധിക്കുമെന്ന് ഭീഷണി സന്ദേശമയച്ച സ്‌കൂള്‍ വിദ്യാര്‍ഥിയെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരള സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും വധ ഭീഷണി ഉയർന്നിരുന്നു. തിങ്കളാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ ഓഫീസിലേക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. ഭീഷണിക്കത്തെഴുതിയയാളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
