കൊളംബോ: പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജി വച്ചതിന് പിന്നാലെ ശ്രീലങ്കയില്‍ കലാപം രൂക്ഷമാകുന്നു. മഹീന്ദ രാജപക്സെയുടെ സ്വകാര്യ വസതി ഉൾപ്പെടെ കഴിഞ്ഞ ദിവസം അഗ്നിക്ക് ഇരയാക്കി. പ്രക്ഷോഭകാരികള്‍ തീയിട്ട പ്രധാനമന്ത്രിയുടെ വസതി പൂര്‍ണമായി കത്തി നശിച്ചു. സര്‍ക്കാര്‍ അനുകൂലികളും പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ജനകീയ രോഷത്തിൽ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രജപക്സെ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ഒന്നരമാസമായി തുടരുന്ന ജനകീയ പ്രക്ഷോഭത്തെ സര്‍ക്കാര്‍ അനുകൂലികള്‍ ആക്രമിച്ചതോടെയാണ് രാജി. പ്രതിക്ഷേധക്കാരും മഹീന്ദ അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നിരന്തരം നടന്നുകൊണ്ടിരിക്കുകയാണ്. തലസ്ഥാനത്തും മറ്റിടങ്ങളിലും നടന്ന വിവിധ അക്രമസംഭവങ്ങളില്‍ പന്ത്രണ്ടോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും കൊളംബോയില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു.
വിവിധയിടങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പരിക്കേറ്റ 78 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കൊളംബോ നാഷണല്‍ ഹോസ്പിറ്റല്‍ വക്താവ് പുഷ്പ സോയ്സ അറിയിച്ചു.കോവിഡ് വ്യാപനവും ഇന്ധനവില വര്‍ധനവും കൂടാതെ ജനസമ്മതി ഉറപ്പാക്കുന്നതിനായി രാജപക്സ സര്‍ക്കാര്‍ നടപ്പാക്കിയ നികുതി വെട്ടിച്ചുരുക്കലും സമ്പദ്ഘടനയെ ഏറെ പ്രതികൂലമായാണ് ബാധിച്ചത്. ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ ഇറക്കുമതി ഏറെക്കുറെ നിലച്ചതോടെ ആയിരക്കണക്കിന് ജനങ്ങളാണ് പ്രതിഷേധവുമായി തെരുവുകളിലേക്കിറങ്ങിയത്. ജനജീവിതം ഏറെക്കുറെ താറുമാറായ നിലയിലാണ്. രാജ്യത്തിന്റെ പല ഭാഗത്തും യുദ്ധസമാനമായ പ്രതിസന്ധിയാണുള്ളത്.
