വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പിണറായി വിജയനെ മുന്നിൽ നിർത്താൻ നീക്കം.. പാർട്ടിയുടെ എല്ലാ നിബന്ധനകളിലും ഇളവുനൽകി അടുത്ത നിയമസഭാതിരഞ്ഞെടുപ്പും പിണറായി വിജയൻ നയിക്കും. ഇതുസംബന്ധിച്ച് ഔദ്യോഗികതീരുമാനം സി.പി.എം. കൈക്കൊണ്ടിട്ടില്ല. എന്നാൽ, പാർട്ടിപദവികളിൽ തുടരുന്നതിന് കണ്ണൂർ പാർട്ടികോൺഗ്രസ് പിണറായിക്ക് നൽകിയ വയസ്സിളവ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
പാർട്ടിപദവികളിൽ തുടരുന്നതിന് സി.പി.എം. നിശ്ചയിച്ച പ്രായപരിധി 75 ആണ്. പിണറായിക്ക് വീണ്ടും ഇളവുനൽകുമോയെന്നത് മധുരയിൽ നടക്കാനിരിക്കുന്ന 24-ാം പാർട്ടി കോൺഗ്രസ് തീരുമാനിക്കുമെന്നാണ് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞത്. എന്നാൽ, സംസ്ഥാനകമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും പിണറായിയെ ഉൾപ്പെടുത്തിയുള്ള തീരുമാനമാകും കൊല്ലം സമ്മേളനത്തിലുണ്ടാകുക.
സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. മുന്നണിയെ നയിക്കാനാകട്ടെ പിണറായി അല്ലാതെ മറ്റൊരെയും എടുത്തുകാണിക്കാനില്ല. പിണറായി അല്ലാതെ വേറെ ആരാണുള്ളതെന്നാണ് ഇ.പി. ജയരാജൻ ഒരു അഭിമുഖത്തിൽ പ്രതികരിച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത മുഖ്യമന്ത്രി നിഷേധിച്ചിട്ടില്ല. മുൻപ് ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ, മത്സരിക്കണോയെന്നത് പാർട്ടി തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാന നേതാക്കൾ പിണറായിയല്ലാതെ മറ്റാരുമില്ലെന്ന നിലപാടിലേക്ക് എത്തിയിട്ടുണ്ട്. അതിനാൽ, അടുത്തതവണയും രണ്ടുടേം വ്യവസ്ഥയും പ്രായപരിധിയുമെല്ലാം പിണറായിക്കായി വഴിമാറുമെന്ന് ഉറപ്പ്. അടുത്ത സർക്കാരിനെ പിണറായിതന്നെയാണോ നയിക്കുകയെന്ന ചോദ്യത്തിന്, അത് ആ ഘട്ടത്തിൽ തീരുമാനിക്കുമെന്നായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം.
ഭരണത്തുടർച്ച നേടുന്ന ഇടതുസർക്കാരിന്റെ നയം എന്തായിരിക്കണമെന്നത് സംബന്ധിച്ച് കൊല്ലത്തുനടക്കുന്ന സംസ്ഥാനസമ്മേളനത്തിൽ പുതിയ രേഖ അവതരിപ്പിക്കും. ‘നവകേരളത്തിനുള്ള പുതുവഴികൾ’ എന്ന രേഖ പിണറായി വിജയനാണ് അവതരിപ്പിക്കുകയെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ എറണാകുളം സമ്മേളനത്തിൽ ‘നവേകരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്’ എന്ന രേഖ അവതരിപ്പിച്ചിരുന്നു. സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നത് അടക്കമുള്ള ‘തിരുത്തൽ നയപ്രഖ്യാപനം’ ഇതിലാണ് ഉണ്ടായത്.

 
                                            