മഞ്ജു പത്രോസിന്റെ വിശേഷങ്ങള്‍

ആതിര എസ്

കിഴക്കമ്പലം എന്ന ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് അഭിനയ രംഗത്ത് എത്തി, വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ മനസ്സില്‍ കയറിയ വ്യക്തി. ഒരു റിയാലിറ്റി ഷോയുടെ ഭാഗമായി ആദ്യമായി ടിവി സ്‌ക്രീനില്‍. തുടര്‍ന്ന്, മുപ്പതോളം സിനിമകകളുടെയും വിജയകരമായി മുന്നേറുന്ന നിരവധി സീരിയലുകളുടെയും ഭാഗമായി. ഒരുതരത്തിലുമുള്ള മുഖവുരയുടെയും ആവശ്യമില്ലാതെ, കഴിവിനാണ് മുഖ്യസ്ഥാനം എന്ന് തെളിയിച്ച അസാമാന്യമായ അഭിനയ മികവിന്റെ ഉടമ. മനോഹരമായി പാടുകയും വളരെ വിനയത്തോടെയും പുഞ്ചിരിയോടെയും സംസാരിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട, നിഷ്‌കളങ്കയായ അഭിനേത്രി മഞ്ജു പത്രോസിനോടൊപ്പം അല്‍പസമയം. അവരുടെ സിനിമ ടെലിവിഷന്‍ വിശേഷങ്ങള്‍ കര്‍മശക്തി ന്യൂസിലൂടെ പങ്കുവയ്ക്കുന്നു.

സിനിമയിലെയും സീരിയലിലെയും അഭിനയത്തിലുള്ള വ്യത്യാസം എന്താണ്? മഞ്ജു എന്ന നടിക്ക് ടെലിവിഷനാണ് കൂടുതല്‍ ജനപ്രീതി നല്‍കിയത്, സിനിമ അത്രയ്ക്കും ഉപയോഗിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ ശരിയാണോ?
അതെനിക്കറിയില്ല. ടെക്‌നിക്കല്‍ സൈഡിലും, മേക്കിങിലും വ്യത്യാസമുണ്ടാകും. ഒരു നടനേയും നടിയെയും സംബന്ധിച്ച് സിനിമയ്ക്ക് വേറൊരു അഭിനയം, സീരിയലിനു വേറൊരു അഭിനയം എന്നൊന്നില്ല… അവര്‍ക്ക് അഭിനയിക്കാനെ അറിയൂ.

ഇതുവരെയുള്ള സിനിമയിലെയും സീരിയലിലെയും കഥാപാത്രങ്ങളില്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രം?
‘അളിയന്‍സ്’ സീരിയലിലെ തങ്കം എന്ന കഥാപാത്രമാണ് സീരിയലില്‍ എനിക്ക് ഏറ്റവും ഇഷ്ടം. എന്റെ ജീവിതവുമായി വളരെ അടുത്തു നില്‍ക്കുന്നതാണ്. ഞാന്‍ കണ്ടിട്ടുള്ള ഒരുപാട് അമ്മമാരെ അതിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. സിനിമയില്‍ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളി’ലെ ലില്ലിക്കുട്ടി തന്നെയാണ്.

സൈബര്‍ ആക്രമണങ്ങള്‍ എത്രത്തോളം ബാധിച്ചിട്ടുണ്ട്?
സൈബര്‍ ആക്രമണം നല്ല രീതിയിലുണ്ട്. ആദ്യം ഗോസിപ്പുകള്‍ കേള്‍ക്കുമ്പോള്‍ വിഷമം വരുമായിരുന്നു. ഇപ്പോള്‍ അത് കാര്യമാക്കാറില്ല. എന്റെ ജോലി, എനിക്ക് പറയാനുള്ള കാര്യങ്ങള്‍, എന്റെ ലക്ഷ്യങ്ങള്‍, ഇതൊക്കെ പൂര്‍ത്തിയാക്കാനുള്ള യാത്രയിലാണ്.
ഞാന്‍ എന്റെ ജോലിയില്‍ കള്ളത്തരം കാണിച്ചെന്നോ, കുടുംബം നോക്കുന്നില്ലെന്നോ, വര്‍ക്കിന് വിളിച്ചാല്‍ പ്രശ്‌നക്കാരിയാണെന്നോ ഒരാളും പറയില്ല. എന്റെ ജോലിയില്‍, എന്റെ ഉത്തരവാദിത്വങ്ങളില്‍ ആണ് എന്റെ ശ്രദ്ധ. എന്നെ അറിയാവുന്നവര്‍ എന്നെ കുറിച്ച് കുറ്റം പറയാറില്ല.
എന്റെ നിറത്തിന്റെ പേരില്‍ ഒരു റിയാലിറ്റി ഷോയില്‍ ഒരാളുമായി വഴക്കിട്ടതിന്റെ പേരിലുമൊക്കെ വിമര്‍ശിക്കുന്നര്‍ക്ക് ആ ‘വാല്യൂ’ മാത്രമേ നല്കാറുള്ളൂ. മേക്കപ്പ് ചെയ്യുന്നത് കുറച്ചു പേര്‍ക്ക് പ്രശ്‌നമാണ്. അവര്‍ ഉദ്ദേശിക്കുന്നത് പോലെ നടക്കാന്‍ എനിക്ക് കഴിയില്ല. എനിക്ക് ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയില്ല.
ഞാനൊരിക്കലും ഒരു പൊട്ടിയല്ല, അത്തരത്തില്‍ ആകാനും എനിക്ക് പറ്റില്ല. ഞാന്‍ പൊട്ടി ആയി പ്രേക്ഷകരുടെ മുന്നില്‍ അഭിനയിച്ചാല്‍ എല്ലാവരും ഒരുപാട് സ്‌നേഹിക്കും. അങ്ങനെ അഭിനയിക്കുന്ന ഒരുപാട് പേരുണ്ട്. ഫാന്‍സുകാരെയും മറ്റും ‘സോപ്പിട്ട്’ നിര്‍ത്തി നിഷ്‌കളങ്കയായി അഭിനയിക്കുന്നവര്‍. എനിക്ക് ഞാനായിത്തന്നെ ഇരിക്കാനാണ് ഇഷ്ടം. അതിന്റെ പേരില്‍ ഞാന്‍ അഹങ്കാരിയാണെന്നും മറ്റുമുള്ള സൈബര്‍ ആക്രമണങ്ങള്‍ ഉണ്ട്. അതിനെ ഞാന്‍ സന്തോഷപൂര്‍വ്വം ഏറ്റെടുക്കുന്നു. എനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട.

വലിയൊരു റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നു. അതിനുശേഷമുണ്ടായ ഗുണങ്ങളും ദോഷങ്ങളും?
80 ശതമാനം ഗുണം മാത്രമേ ഉണ്ടായിട്ടുള്ളൂ. 2005ല്‍ വിവാഹം കഴിഞ്ഞ് ഏതാണ്ട് കഴിഞ്ഞ വര്‍ഷം വരെ സാമ്പത്തികമായി ഒരുപാട് ബാധ്യതയും ഉണ്ടായിരുന്നു. ഒരു സാധാരണ നടിക്ക് വലിയ തുക ഒന്നും കിട്ടില്ല.

മാസത്തില്‍ ചിലപ്പോള്‍ പത്തോ പതിനഞ്ചോ ദിവസമോ വര്‍ക്ക് കാണൂ. അതുകൊണ്ട് ജീവിതത്തെ ‘ടാലി’യാക്കാന്‍ പറ്റില്ല. എന്റെ ജീവിതത്തില്‍ എന്റെ കടങ്ങള്‍ തീര്‍ന്നതും കാറിന്റെ ബാധ്യത തീര്‍ക്കാനും, സ്ഥലം വാങ്ങാനുള്ള തുകയും ആ റിയാലിറ്റി ഷോയില്‍ നിന്ന് കിട്ടി.
നെഗറ്റീവ് എന്ന് പറഞ്ഞാല്‍ സൈബര്‍ ആക്രമണം ഉണ്ടായി. അത് കുറച്ച് വേദനിപ്പിച്ചു. എന്നാലും കൂടുതലും നല്ലത് മാത്രമേ ഉണ്ടായിട്ടുള്ളൂ.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന സിനിമയിലെ മോഹന്‍ലാലുമായുള്ള കോമ്പിനേഷന്‍ സീനുകളെ കുറിച്ച് എന്താണ് അഭിപ്രായം? ” ലില്ലിക്കുട്ടിയുടെ മീന്‍കറി ഉലഹന്നാന് ഇഷ്ടമാണല്ലോ”- യഥാര്‍ത്ഥ ജീവിതത്തില്‍ നല്ല പാചകക്കാരിയാണോ? അത്തരത്തിലുള്ള കൈപ്പുണ്യം ആണോ കുക്കറി ഷോ അവതരിപ്പിക്കാനുള്ള പ്രചോദനം?
അത്യാവശ്യം നന്നായി പാചകം ചെയ്യുകയും മറ്റുള്ളവര്‍ക്ക് നല്കുകയും ആസ്വദിച്ച് കഴിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. എനിക്ക് സംശയവും പേടിയും ഇല്ലാതെ ചെയ്യാന്‍ പറ്റുന്ന രണ്ട് കാര്യങ്ങള്‍ അഭിനയവും പാചകവുമാണ്. നോണ്‍വെജ് പാചകം ചെയ്യാനാണ് കൂടുതലിഷ്ടം.
മോഹന്‍ലാലിനെപ്പോലെ ലോകം കണ്ട ഒരു മഹാനടനുമായി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. അഭിനയം ഒരാളില്‍ നിന്നും നോക്കി പഠിക്കാന്‍ പറ്റുന്ന കാര്യമല്ല. പക്ഷേ, ഒരുപാട് ഗുണങ്ങള്‍ അവരില്‍ നിന്ന് കിട്ടും. കൃത്യനിഷ്ഠയൊക്കെ മാതൃകയാക്കാന്‍ കഴിയും.

കലാജീവിതവും കുടുംബ ജീവിതവും എങ്ങനെ ബാലന്‍സ് ചെയ്ത് മുന്നോട്ട് പോകുന്നു? കുടുംബത്തിന്റെ സപ്പോര്‍ട്ട്?
കുടുംബത്തിന്റെ സപ്പോര്‍ട്ട് വലുതാണ്. ഈ ഓണത്തിന് എനിക്ക് വീട്ടില്‍ പോകാന്‍ കഴിഞ്ഞില്ല. ഓണം ഇനിയും വരുമല്ലോ, ജോലിയാണ് പ്രധാനം എന്ന് പറഞ്ഞു അവര്‍ കൂടെ നിന്നു. കുടുംബം എന്നു പറഞ്ഞാല്‍ അവരെ ഒരിക്കലും മിസ്സ് ചെയ്യില്ലല്ലോ. എപ്പോഴും ഒരു ഫോണിന്റെ അപ്പുറത്ത് അവര്‍ ഉണ്ടാകുമല്ലോ. അതുകൊണ്ടുതന്നെ പ്രൊഫഷന്‍ കുടുംബജീവിതത്തെ ഒരിക്കലും ബാധിക്കാറില്ല. കുടുംബം ഫുള്‍ സപ്പോര്‍ട്ടാണ്.

കരിയറില്‍ വഴിത്തിരിവായ പ്രോജക്ട്?
കരിയറിലേക്ക് കൊണ്ടുവന്നത് ‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയാണ്. അതില്‍ എത്തിയില്ലായിരുന്നെങ്കില്‍ മഞ്ജു പത്രോസ് എന്ന നടി ഉണ്ടാകുമായിരുന്നില്ല. റിയാലിറ്റിഷോയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാന്‍ തന്നെ ഉണ്ടാകുമോ എന്ന് പോലും അറിയില്ല. അത്രമേല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതൊക്കെ അന്നത്തെ കാലഘട്ടത്തില്‍ അതിജീവിക്കാന്‍ കഴിയില്ലായിരുന്നു. ഒരു ജോലി കണ്ടെത്താന്‍ പറ്റിയതോടെയാണ് ധൈര്യം എന്ന വാക്ക് എന്നോട് തന്നെ പറയാന്‍ പറ്റിയത്.

ചെയ്യാനാഗ്രഹിക്കുന്ന കഥാപാത്രങ്ങള്‍? പുതിയ പ്രോജക്റ്റുകള്‍?
എനിക്ക് ചെയ്യാനുള്ള കഥാപാത്രങ്ങളാണ് കൂടുതല്‍. ഞാനെന്റെ കരിയറിന്റെ തുടക്കത്തില്‍ അല്ലേ. അതുകൊണ്ട് തന്നെ എനിക്ക് ഒരുപാട് ചെയ്യാനുണ്ട് ഒരു തമിഴ് സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. നടക്കുമോ എന്നറിയില്ല.
ഒരു പ്രൊജക്റ്റ് പകുതിയില്‍ ചെയ്തു വച്ചിട്ടുണ്ട്, പൂര്‍ത്തിയായിട്ടില്ല. എല്ലാവരും പറയുന്നു എനിക്ക് തമിഴ് ടച്ച് ഉണ്ടെന്ന്. ഒരു ഒ. ടി. ടി പ്ലാറ്റ്‌ഫോം സിനിമയുടെ ചര്‍ച്ച നടക്കുന്നു. കെ കെ രാജീവിന്റെ ഒരു സീരിയലും കമിറ്റ് ചെയ്തിട്ടുണ്ട്. ശ്യാമപ്രസാദിന്റെ ഒരു സിനിമയില്‍ ഒരു ചെറിയ കഥാപാത്രവും ചെയ്യുന്നുണ്ട്.

കുടുംബം?
ഭര്‍ത്താവ്: സുനിച്ചന്‍, മകന്‍: ബര്‍നാച്ചന്‍. സുനിച്ചന്‍ ഷാര്‍ജയിലാണ്. എറണാകുളം കിഴക്കമ്പലത്താണ് എന്റെ വീട്. അവിടെ പപ്പയും അമ്മച്ചിയും ഉണ്ട്. ഒരു ബ്രദര്‍ ഉണ്ട്; മാനു. വൈഫ് പ്രീതി. രണ്ടുപേരും നേഴ്‌സ് ആണ്. അവരുടെ മകള്‍ ഹന. വലംപൂര്‍ എന്ന സ്ഥലത്ത് കുറച്ച് സ്ഥലം വാങ്ങിയിട്ടുണ്ട്. അവിടെ വീടുപണിയുടെ പ്രാരംഭ ഘട്ടങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *