ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിന്നുള്ള പാർട്ടി നേതാക്കളുമായി ഡൽഹിയിൽ ഒരു യോഗം അടുത്ത് തന്നെ വിളിക്കും. ഈ യോഗത്തിന് ശേഷം ആർജെഡിയുമായി ഔപചാരിക സീറ്റ് വിഭജന ചർച്ച ആരംഭിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം.2020ലെ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ട് കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നതിനേക്കാൾ വിജയിക്കാൻ കഴിയുന്ന സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോൺഗ്രസ് തീരുമാനം. സംസ്ഥാനത്ത് നിന്നുള്ള നേതാക്കളിൽ നിന്ന് വിശദമായി തന്നെ വിവരം തേടും. അതിന് ശേഷം ആർജെഡിയുമായുള്ള ചർച്ച ആരംഭിക്കുക.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 70 സീറ്റുകളിലാണ് മത്സരിച്ചത്. 17 സീറ്റുകളിലാണ് വിജയിച്ചത്. ആർജെഡി 144 സീറ്റുകളിൽ മത്സരിക്കുകയും 72 സീറ്റുകളിൽ വിജയിക്കുകയും ചെയ്തു. ആർജെഡി വിജയിക്കാൻ യാതൊരു സാധ്യതയുമില്ലാത്ത, വിജയ സാധ്യത തീരെ കുറഞ്ഞ സീറ്റുകളാണ് തങ്ങൾക്ക് തന്നതെന്നാണ് കോൺഗ്രസ് കരുതുന്നത്. അത് കൊണ്ട് കഴിഞ്ഞ തവണ സംഭവിച്ചത് ഇക്കുറി ആവർത്തിക്കരുതെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്.
ജാതി സമവാക്യങ്ങളാൽ ആർജെഡിക്ക് സ്വാധീനം വളരെ കുറഞ്ഞ നളന്ദ, പാറ്റ്ന, കഗാറിയ, വെസ്റ്റ് ചമ്പാരൻ, ഗോപാൽഗഞ്ച്, ഗയ ജില്ലകളിൽ നിരവധി സീറ്റുകളാണ് കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചത്. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ നളന്ദ, ഗോപാൽഗഞ്ച് ജില്ലകളിലെ ഒമ്പത് സീറ്റുകളിൽ മൂന്ന് സീറ്റുകളിൽ കോൺഗ്രസിന് വിജയിക്കാൻ കഴിഞ്ഞിരുന്നു.
ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനപ്രീതിയിൽ വൻ ഇടിവ് സംഭവിക്കുന്നു എന്നായിരുന്നു ഇന്ത്യ ടുഡെ-സി വോട്ടർ സർവെ പ്രവചിച്ചത് . ഇപ്പോൾ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ നിതീഷിന് വലിയ പിന്തുണ ഉണ്ടാകില്ലെന്നായിരുന്നു റിപ്പോർട്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആർജെഡി യുവ നേതാവ് തേജസ്വി യാദവിനാണ് സർവ്വെയിൽ കൂടുതൽ പിന്തുണ. 41 ശതമാനം പേർ തേജസ്വിയെ പിന്തുണച്ചപ്പോൾ 18 ശതമാനം പേരുടെ പിന്തുണ മാത്രമാണ് നിതീഷ് കുമാറിന് ലഭിച്ചത്. 15 ശതമാനം പേർ ജൻ സൂരജ് സ്ഥാപകനും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കുമാറിനെ അനുകൂലിച്ചു.നിതീഷ് കുമാറിന്റെ വിശ്വാസ്യത തകർന്നുവെന്നാണ് 58 ശതമാനം ആളുകൾ പ്രതികരിച്ചത്. നേരിയ ഇടിവ് സംഭവിച്ചതായി 13 ശതമാനം ആളുകൾ പറയുമ്പോൾ യാതൊരു ഇടിവും ഇല്ലെന്നും നിതീഷ് ഇപ്പോഴും മികച്ച നേതാവാണെന്നും 21 ശതമാനം പേർ പറയുന്നു. തൊഴിലില്ലായ്മയാണ് തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ച വിഷയം എന്നാണ് 45 ശതമാനം ആളുകളും അഭിപ്രായപ്പെട്ടത്. പണപ്പെരുപ്പമാണെന്ന് 11 ശതമാനം പേർ പറഞ്ഞപ്പോൾ വൈദ്യുതി, വെള്ളം, റോഡ് എന്നിവയാണെന്ന് 10 ശതമാനം പേർ പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങളും അഴിമതിയുമാണെന്നായിരുന്നു 4 ശതമാനം പേരുടെ അഭിപ്രായം.സർവ്വെയിൽ പങ്കെടുത്ത 50 ശതമാനം പേർ നിലവിലെ സർക്കാരിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. സർക്കാർ മാറണമെന്ന അഭിപ്രായമാണ് ഇവർ പങ്കിടുന്നത്. എന്നാൽ അതൃപ്തിയുണ്ടെങ്കിലും സർക്കാർ മാറേണ്ടതില്ലെന്നായിരുന്നു 22 ശതമാനം പേരുടെ അഭിപ്രായം. അതേസമയം അതൃപിയുമില്ല മാറ്റവും ആഗ്രഹിക്കുന്നില്ലെന്നാണ് 25 ശതമാനം പേർ പങ്കുവെച്ചത്.
ഈ വർഷം അവസാനമാണ് ബിഹാറിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ബിഹാറിൽ ഇക്കുറിയും നിതീഷിനെ മുൻനിർത്തിയാകുമോ എൻഡിഎ തിരഞ്ഞെടുപ്പ് പോരിന് ഇറങ്ങുകയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്ക് പേരുകേട്ട നിതീഷിനെ ഇത്തവണയും അവതരിപ്പിക്കുന്നത് എൻഡിഎയ്ക്ക് തിരിച്ചടിയാകും എന്ന വിലയിരുത്തലുണ്ട്. എന്നാൽ നിതീഷിനെ തഴഞ്ഞ് മുന്നോട്ട് പോകാൻ ബിഹാറിൽ ബിജെപിക്ക് സാധിക്കുമോയെന്നതാണ് മറ്റൊരു ചോദ്യം.
കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം പരിശേധിക്കുമ്പോൾ, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 243 അംഗ സീറ്റിൽ 74 സീറ്റുമായി ആർജെഡിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. നിതീഷിന്റെ ജെഡിയുവിന് ലഭിച്ചത് 43 സീറ്റുകളും. തുടർന്ന് 74 സീറ്റ് നേടിയ ബി ജെ പി ജെ ഡി യുവുമായി കൈകോർത്ത് ഭരണത്തിലേറി. കോൺഗ്രസിന് 19 സീറ്റുകളായിരുന്നു അന്ന് ലഭിച്ചത്. പിന്നീട് ബി ജെ പിയുമായി ഇടഞ്ഞ് നിതീഷ് ആർജെഡിയുമായി കൈകോർത്ത് ഭരണത്തിലേറി. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് സഖ്യം അവസാനിപ്പിച്ച് എൻഡിഎയിലേക്ക് ചേക്കേറുകയായിരുന്നു.
എന്നാൽ ഇപ്പോൾ 7 പേരെ കൂടി ഉൾപ്പെടുത്തി മന്ത്രിസഭ വിപുലീകരിച്ച് നിതീഷ് കുമാർ. ബിജെപി നേതാക്കൾക്കാണ് മന്ത്രിസഭയിൽ ഇടം ലഭിച്ചത്. ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ജാതി-മത സമവാക്യങ്ങൾ കൂടി പരിഗണിച്ചാണ് നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ഏഴ് പുതിയ മന്ത്രിമാരിൽ കൃഷ്ണ കുമാർ മന്തു, സഞ്ജയ് സരോഗി, സുനിൽ കുമാർ, മോത്തിലാൽ പ്രസാദ് എന്നിവർ ഒബിസി വിഭാഗത്തിൽ നിന്നുള്ളവരാണ്. ഇബിസി വിഭാഗത്തിൽ നിന്നുള്ള നേതാവാണ് വിജയ് കുമാർ മണ്ഡൽ. രജപുത്ര സമുദായാംഗമാണ് രാജ് കുമാർ സിംഗ്, ഭൂമിഹാറു സമുദായക്കാരനാണ് ജിബേഷ് കുമാർ. ജാതി സമവാക്യങ്ങൾ ഏറെ നിർണായകമായ ബിഹാറിൽ തിരഞ്ഞെടുപ്പിന് മുൻപുള്ള ഇത്തരം നീക്കങ്ങൾ ഗുണം ചെയ്യുമെന്നാണ് എൻഡിഎയുടെ വിലയിരുത്തൽ.

 
                                            