ഉത്തര്‍പ്രദേശ്: വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നവ വരൻ വേദിയിൽ നിന്ന് ഇറങ്ങി പോയി.
ആഘോഷങ്ങളുടെ ഭാഗമായി എത്തിയ ബാന്‍ഡ് സംഘത്തിന് പണം നല്‍കുന്നതിനെച്ചൊല്ലി വധുവിന്‍റെ വീട്ടുകാരും വരന്‍റെ കുടുംബവും തമ്മില്‍ മണിക്കൂറുകളോളം തർക്കം തുടർന്നു. ഇതിന് പിന്നാലെയാണ് വരൻ ഇറങ്ങിപ്പോയത്. ഉത്തര്‍പ്രദേശിലെ സഹരന്‍പൂരിലാണ് സംഭവം.
വിവാഹവേദിയിലേക്ക് ആഘോഷമായെത്തിയ വരന്‍റെയൊപ്പം പതിവുപോലെ വാദ്യമേളങ്ങളുടെ ഒരു സംഘം തന്നെയുണ്ടായിരുന്നു. ഫറൂഖാബാദിലെ കമ്പിൽ നിന്ന് സഹറൻപൂരിലെ മിർസാപൂര്‍ വരെയായിരുന്നു വിവാഹഘോഷയാത്രയെന്ന് മിർസാപൂർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ അരവിന്ദ് കുമാർ സിംഗ് പി.ടി.ഐയോട് പറഞ്ഞു. വിവാഹ ചടങ്ങുകൾ നടന്നുകൊണ്ടിരിക്കെ, വരന്‍റെ കൂട്ടരോടെ ഭാഗത്തുനിന്ന് ബാൻഡ് സംഘം പണം ആവശ്യപ്പെട്ടെങ്കിലും വധുവിന്‍റെ കുടുംബം തരുമെന്ന് പറഞ്ഞ് കയ്യൊഴിയുകയായിരുന്നു. ഇത് വലിയ തര്‍ക്കത്തിലേക്ക് നയിച്ചു. അഭിമാനം വ്രണപ്പെട്ട വരന്‍ വരണമാല്യം വലിച്ചെറിഞ്ഞ് വിവാഹ വേദിയില്‍ നിന്നും ഇറങ്ങിപ്പോയി. സംഭവത്തിന് ശേഷം വധുവിന്‍റെ വീട്ടുകാര്‍ വരനുമായുള്ള എല്ലാം ബന്ധവും ഉപേക്ഷിച്ചതായി പൊലീസ് പറഞ്ഞു.
