കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപുര്‍ ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വിജയം. 58,832 വോട്ടുകളുടെ ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചത്. എതിര് സ്ഥാനാര്‍ഥി ബിജെപിയുടെ പ്രിയങ്ക ടിബ്രവാളിന് 26,320 വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്. ഭൂരിപക്ഷത്തില്‍ സ്വന്തം റെക്കോര്‍ഡാണ് മമത മറികടന്നത്.
റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് മമത ബാനര്‍ജിയുടെ ജയം. ഇവര്‍ പരാജയപ്പെട്ടാല്‍ മുഖ്യമന്ത്രി പദവി ചോദ്യചിഹ്നമാകുമായിരുന്നു. അതുകൊണ്ടുതന്നെയാണ് ഉപതിരഞ്ഞെടുപ്പ് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥി ഇക്കാര്യം തള്ളി. മമത ഭൂരിപക്ഷം ഉയര്‍ത്തിയ വേളയില്‍ തന്നെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരുന്നു.
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ചുകൊണ്ടാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ ഭരണം നിലനിര്‍ത്തിയത്. ഭരണം പിടിക്കാന്‍ സര്‍വ സന്നാഹവുമായി എത്തിയ ബി.ജെ.പിയെ തടഞ്ഞ് ഇരുന്നൂറിലേറെ സീറ്റുമായാണ് തൃണമൂല്‍ ഹാട്രിക് ജയം ആഘോഷിച്ചത്.
എന്നാല്‍, ഈ ചരിത്രജയത്തിനിടയിലും പാര്‍ട്ടിക്ക് തിരിച്ചടിയായിരുന്നു നന്ദിഗ്രാമിലെ അന്നത്തെ മമത ബാനര്‍ജിയുടെ തോല്‍വി. പാര്‍ട്ടിയിലെ തന്റെ പഴയ വലംകൈയായിരുന്ന സുവേന്ദു അധികാരിയോടായിരുന്നു നന്ദിഗ്രാമില്‍ മമതയുടെ അപ്രതീക്ഷിത തോല്‍വി. 2011ല്‍ നന്ദിഗ്രാമില്‍ തുടങ്ങിയ കര്‍ഷക പ്രക്ഷോഭമാണ് അക്ഷരാര്‍ഥത്തില്‍ ഇടതു സര്‍ക്കാരിനെ മറിച്ചിട്ട് മമതയെ ഭരണത്തില്‍ അവരോധിച്ചത്. നേരത്തെ സി.പി.ഐയുടെ സീറ്റായിരുന്ന ഇവിടെ 2009 മുതല്‍ തൃണമൂലാണ് ജയിച്ചുവരുന്നത്.
