കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭാരത് ഭവന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫ്രൈഡേ ഫിലിം സ്‌ക്രീനിംഗിന്റെ ഭാഗമായി ഏപ്രില്‍ 28 വെള്ളിയാഴ്ച അപര്‍ണസെന്‍ സംവിധാനം ചെയ്ത ‘ദ ജാപ്പനീസ് വൈഫ്’ പ്രദര്‍ശിപ്പിക്കും. വൈകിട്ട് 6 മണിക്ക് തൈക്കാട് ഭാരത് ഭവനില്‍ നടക്കുന്ന പ്രദര്‍ശനത്തിന് പ്രവേശനം സൗജന്യമായിരിക്കും.
ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത സംരംഭമായ ഈ ചിത്രം 2010ല്‍ നടന്ന ഐ.എഫ്.എഫ്.കെയില്‍ മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം നേടിയിരുന്നു. ഇംഗ്‌ളീഷ്, ബംഗാളി, ജാപ്പനീസ് ഭാഷകളിലുള്ള ചിത്രത്തില്‍ രാഹുല്‍ ബോസ്, റെയ്മ സെന്‍, മൗഷുമി ചാറ്റര്‍ജി, ജാപ്പനീസ് നടി ജിഗുസ തകാകു എന്നിവര്‍ വേഷമിടുന്നു.
തൂലികാസൗഹൃദത്തിലൂടെ രൂപപ്പെടുന്ന അപൂര്‍വസുന്ദരമായ ഒരു പ്രണയബന്ധത്തിന്റെ കഥയാണിത്. അതിര്‍ത്തികളും ഭാഷയും സംസ്‌കാരവുമെല്ലാം ഈ പ്രണയത്തില്‍ അപ്രസക്തമാവുന്നു. കത്തുകളിലൂടെ ജപ്പാനിലുള്ള തൂലികാസുഹൃത്ത് മിയാഗെയുമായി അടുക്കുന്ന സ്‌കൂള്‍ അധ്യാപകന്‍ സ്‌നേഹമോയി ചാറ്റര്‍ജി ഒരിക്കലും കണ്ടിട്ടില്ലാത്ത അവളെ അക്ഷരങ്ങള്‍ സാക്ഷിയായി വിവാഹം കഴിക്കുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പരസ്പരം കാണാതെയുള്ള ആ ദാമ്പത്യം ദൃഢമായി തുടരുന്നു; ദൗര്‍ഭാഗ്യങ്ങളും വിധിവിലക്കുകളും അവരെ തടയുന്നതുവരെ.
105 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
