ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. വൈകീട്ട് നാല് മണിക്കാണ് നിര്‍ണായക കൂടിക്കാഴ്ച. ഭരണത്തുടര്‍ച്ച ഉണ്ടായതിന് പിന്നാലെ ആദ്യമായിട്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത്. കേരളത്തിന്റെ വികസന കാര്യങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുക. കെ – റെയില്‍ വിഷയം, സംസ്ഥാനത്തിന് ലഭ്യമാകാനുള്ള ജിഎസ്ടി കുടിശിക, ആവശ്യമായ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ചര്‍ച്ചയാകും.
കേന്ദ്രത്തിന്റെ കോവിഡ് നയം അനുസരിച്ച് കേരളം കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ടേക്കും. സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ 90 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ഉടന്‍ അനുവദിക്കണമെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സഹകരണ വകുപ്പ് രൂപീകരണത്തിലെ സംസ്ഥാനത്തിന്റെ ആശങ്കയും മുഖ്യമന്ത്രി അറിയിക്കും. മുംബൈ – കന്യാകുമാരി സാമ്പത്തിക ഇടനാഴി പദ്ധതിയില്‍ കേരളത്തെക്കൂടി ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടും. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുമ്പോള്‍ മികച്ച റോഡ് ഗതാഗത സൗകര്യം ലഭ്യമാക്കാന്‍ ഈ പദ്ധതി ഉപകരിക്കുമെന്നാണ് കേരളത്തിന്റെ കണക്കുകൂട്ടല്‍.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്രയുമായും , ഉച്ചയ്ക്ക് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക ഭവന-നഗര കാര്യമന്ത്രി ഹര്‍ദീപ് സിംഗ് പൂരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
