തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ കുഞ്ഞിനെ കാണാതായ സംഭവത്തില്‍ നിരാഹാരസമരത്തിനൊരുങ്ങി അമ്മ അനുപമ. കുഞ്ഞിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാളെ മുതല്‍ നിരാഹാരസമരമിരിക്കുമെന്നാണ് അനുപമ പ്രഖ്യാപിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നിലായിരിക്കും നിരാഹാരസമരം.
അതിനിടെ സംഭവത്തില്‍ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലും കൃത്രിമമെന്ന വിവരം പുറത്തുവന്നു. ജനന സര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ പിതാവിന്റെ പേരും, മാതാപിതാക്കളുടെ മേല്‍വിലാസവും തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ സമയത്ത് നല്കിയ വിവരമനുസരിച്ചാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനനസര്‍ട്ടിഫക്കറ്റ് തയ്യാറാക്കിയത്. കുട്ടിയുടെ പിതാവിന്റെ സ്ഥാനത്തു നല്‍കിയിരിക്കുന്നത് ജയകുമാര്‍ എന്ന പേരാണ്.
അനുപമയുടെയും അജിത്തിന്റെയും സ്ഥിരമായ മേല്‍വിലാസം പേരൂര്‍ക്കട ആയിരുന്നിട്ടും മറ്റൊരു മേല്‍വിലാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമ്മയില്‍ നിന്നു കുഞ്ഞിനെ വേര്‍പ്പെടുത്താന്‍ ആസൂത്രിതമായി ഇടപെട്ടു എന്നത് തെളിയിക്കുന്നതാണ് രേഖകള്‍.
