കൊച്ചി: മന്ത്രി ആര്. ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിലെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന തോമസ് ഉണ്ണിയാടന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. പ്രൊഫസര്‍ അല്ലാതിരുന്ന ആര്. ബിന്ദു, പ്രൊഫസര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട് തേടി ജനങ്ങളെ കബളിപ്പിച്ചു എന്നാണ് ഹര്‍ജിയിലെ ആരോപണം. തനിക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് ലഘുലേഖ പുറത്തിറക്കിയെന്നും ഇത് ബിന്ദുവിന്റെ അറിവോടെയാണെന്നും പരാതിയിലുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള നോട്ടീസുകളിലും ബാനറുകളിലും ചുവരെഴുത്തുകളിലും പ്രൊഫ. ബിന്ദുവെന്നാണ് രേഖപ്പെടുത്തിയത്. ബാലറ്റ് പേപ്പറിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷിനീലും പ്രൊഫ. ബിന്ദുവെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിലൂടെ വോട്ടര്‍മാരെ സ്വാധീനിച്ച് നേടിയ തെരഞ്ഞെടുപ്പ് വിജയമാണെന്നാണ് ഹര്ജിക്കാരന് ആരോപിക്കുന്നത്. നേരത്തെ ആര്. ബിന്ദു പ്രഫസര്‍ എന്ന് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തത് വിവാദത്തിലായതിന് പിന്നാലെ ആര്. ബിന്ദു ഇനി ഡോക്ടര്‍ ആര്. ബിന്ദുവെന്നാണറിയപ്പെടുകയെന്ന് ചീഫ് സെക്രട്ടറി ഡോക്ടര്‍ വി.പി. ജോയ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു
