കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് ബാധയേറ്റ് പന്ത്രണ്ടുകാരന് മരണപ്പെട്ടതിനെ തുടര്‍ന്ന് കനത്ത ജാഗ്രത. വൈറസ് വ്യാപനം തടയുന്നതില്‍ അടുത്ത ഒരാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ളോക്ക് നിപ ചികില്‍സക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന രോഗികളെ മറ്റ് വാര്‍ഡുകളിലേക്ക് മാറ്റി. സമ്പര്‍ക്ക പട്ടികയിലെ ഹൈ റിസ്ക് വിഭാഗത്തിലുള്ള 18 പേരെ ഈ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പേ വാര്‍ഡ് ബ്ളോക്കില്‍ താഴെ നിലയില്‍ രോഗം സ്ഥിരീകരിക്കുന്നവരെയും മറ്റ് രണ്ടുനിലകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരെയുമാണ് പ്രവേശിപ്പിക്കുക.
നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായി സെപ്റ്റംബര്‍ ആറിന് വൈകുന്നേരത്തിനുള്ളില്‍ പോയിന്റ് ഓഫ് കെയര്‍ പരിശോധന നടത്തും. ഇതിനായുള്ള സജ്ജീകരണങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഒരുക്കിയിരിക്കുന്നത്.
പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘമെത്തിയാണ് ലാബ് സജ്ജീകരിക്കുക. ഈ പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്ഫര്മേഷന് പരിശോധന നടത്തി 12 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാക്കാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
