നിങ്ങള്‍ക്ക് ടാറ്റൂ ചെയ്യണോ? എങ്കില്‍ ഇതിലെ വരൂ……

ഷോഹിമ ടി.കെ

ടാറ്റൂ ചെയ്യല്‍ ട്രെന്റ് ആയികൊണ്ടിരിക്കുന്ന സമയം. അവന്‍ / അവള്‍ ടാറ്റൂ ചെയ്തു അല്ലെങ്കില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് എന്തോ അത് ടാറ്റൂ ചെയ്യണം എന്നു പറഞ്ഞു വരുന്ന ആളുകളുടെ പ്രതിനിധികളാണ് നമ്മളില്‍ പലരും. പെട്ടെന്നുണ്ടാകുന്ന ആവേശത്തില്‍ പോയി ടാറ്റൂ ചെയ്യുന്നവര്‍ പലപ്പോഴും ടാറ്റ കൊണ്ടുണ്ടാകുന്ന നെഗറ്റീവ് ഫലങ്ങളെക്കുറിച്ച് ഓര്‍ക്കാറില്ല. ഇന്ന് നഗരങ്ങളിലെ മുക്കിലും മൂലയിലും ടാറ്റൂ സെന്ററുകള്‍ ഉണ്ട് . എന്നാല്‍ ഇവയില്‍ എത്ര ടാറ്റൂ സെന്ററുകള്‍ അംഗീകൃതം ആണെന്നും സുരക്ഷയോടെ ആണ് ടാറ്റൂ ചെയ്യുന്നതെന്നും കൃത്യമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ടാറ്റൂ ആര്‍ട്ടിസ്റ്റില്‍ നിന്നും ലൈംഗികപീഡനത്തിന് ഇരയായ യുവതിയുടെ വെളിപ്പെടുത്തലിന്റെ ഭാഗമായി കൊച്ചി നഗരത്തിലെ ടാറ്റൂ സെന്ററുകളെക്കുറിച്ച് അധികൃതര്‍ പരിശോധന ആരംഭിച്ചിരുന്നു. കൃത്യമായ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാതെ ഉപകരണങ്ങള്‍ അണുവിമുക്തമാക്കാതെ ടാറ്റൂ ചെയ്യുമ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ പറയാറുണ്ട്. കൃത്രിമമായ മഷി ത്വക്കിന്റെ ആവരണത്തിലേക്ക് സൂചി ഉപയോഗിച്ച് കടത്തിവിടുകയാണ് ടാറ്റൂ ചെയ്യലിലൂടെ നടക്കുന്നത്. ഇത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കാറുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ മുറിവുകള്‍ കരിയുമെന്ന് ടാറ്റൂ സെന്ററുകള്‍ പറയുമ്പോള്‍ മാസങ്ങളോളം കരിയാത്ത മുറിവുകള്‍ ഉണ്ടാവാറുണ്ട്. ഇതുകൂടാതെ ടാറ്റൂ ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന സൂചികള്‍ അണുവിമുക്തമാക്കാത്തതിലൂടെ മാരകരോഗങ്ങളാണ് നമ്മെ തേടിയെത്തുക. സൂചി അണുവിമുക്തമാക്കാറുണ്ടെന്ന് പല ടാറ്റൂ സെന്‍സറുകളും അവകാശപ്പെടുമ്പോള്‍ പലരും കൃത്യമായ അണുവിമുക്തമാക്കലിന് വിധേയമാക്കാറില്ല എന്നതാണ് സത്യം. എച്ച്.ഐ. വി, ഹൈപ്പറ്റൈറ്റിസ് തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് ടാറ്റൂ ചെയ്യുന്നതിലൂടെ വരാനുള്ള സാധ്യത കൂടുതലാണ്.

പെട്ടെന്നുള്ള ആവേശത്തിലാണ് പലരും ടാറ്റൂ ചെയ്യുന്നതിന് ഇറങ്ങാറ്. കാമുകനോട് കാമുകിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ സ്വന്തം ശരീരത്തില്‍ ടാറ്റൂ ചെയ്യുന്നവരുണ്ട് നമ്മുടെ കൂട്ടത്തില്‍. എന്നാല്‍ പ്രണയം പരാജയത്തിലേക്ക് മാറിയാലോ..? ചെയ്തുവെച്ച ടാറ്റൂ ഒരു തലവേദന ആവുകയും ചെയ്യും. പിന്നീട് ഇത് മായ്ക്കാന്‍ വന്‍ തുക മുടക്കേണ്ടി വരും എന്നതിലുപരി പലതവണയായി ലേസര്‍ ചികിത്സ ചെയ്യേണ്ടതായും വരുന്നു.
പിന്നെ ടാറ്റൂ സെന്ററുകളുടെ ലൈസന്‍സിനെ കുറിച്ച് പറയുകയാണെങ്കില്‍ നഗരസഭ അല്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ ലൈസന്‍സ് മാത്രമാണ് പ്രവര്‍ത്തിക്കാനായി മിക്കസ്ഥലങ്ങളിലും ഉള്ളത്. അനുമതി കളെക്കുറിച്ച് പലര്‍ക്കും ധാരണയുമില്ല. വികസിതരാജ്യങ്ങളില്‍ അടക്കം ടാറ്റൂ കേന്ദ്രങ്ങള്‍ക്ക് പ്രത്യേകത അനുമതി ആവശ്യമുണ്ട്. ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കാന്‍ ഉള്ള സൗകര്യങ്ങളും മേഖലയില്‍ വൈദഗ്ധ്യമുള്ള വരും നിര്‍ബന്ധമാണ്. എന്നാല്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ പ്രത്യേകം നിബന്ധനകളില്ലാത്തത് വലിയ അപകടങ്ങള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യത കൂട്ടുകയാണ്. ഇന്ത്യയിലെ പല ഭാഗങ്ങളിലും ചെറിയ തുക കൊടുത്ത് ടാറ്റൂ ചെയ്യുന്ന സ്ഥലങ്ങളുണ്ട്. അവയില്‍ പലതും അനുമതി പോയിട്ട് ടാറ്റൂ യില്‍ പ്രാവീണ്യമുള്ളവര്‍ പോലുമാകില്ല ഉള്ളത്. ഇന്ത്യയില്‍ ടാറ്റൂ സെന്ററുകളില്‍ കൃത്യമായ നിബന്ധനകളും നിര്‍ദ്ദേശങ്ങളും വേണ്ടിയിരിക്കുന്നു. അതിനായി ബന്ധപ്പെട്ടവര്‍ മുന്‍കൈ എടുക്കേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *