അമ്പലപ്പുഴ : തുടർച്ചയായി 24 മുട്ടകളിട്ട ചിന്നുക്കോഴി നാട്ടിലെ താരം. പുന്നപ്ര തെക്ക് പഞ്ചായത്തിലെ ഏഴാം വാർഡിലെ ചെറുകാട് വീട്ടിൽ ബിജുവിന്റെ കോഴിയാണ് കഴിഞ്ഞ ദിവസം നാലര മണിക്കൂറിനുള്ളിൽ 24 മുട്ടകളിട്ടത്.
ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെയായിരുന്നു ചിക്കു എന്ന് വീട്ടുകാർ വിളിക്കുന്ന പിടക്കോഴി അസാധാരണമായി മുട്ടയിട്ടത്. കോഴി രാവിലെ നടക്കാൻ ബുദ്ധിമുട്ടുന്നതു കണ്ട വീട്ടുകാർ കാലിൽ തൈലം പുരട്ടി വീടിനു മുന്നിൽ തറയിൽ ചാക്കു വിരിച്ച് കിടത്തി. പിന്നീടാണ് കോഴി തുടർച്ചയായി മുട്ട ഇടുന്നത് ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് കോഴിയെ കാണാൻ സന്ദർശകരുടെ തിരക്ക് കൂടി. മുട്ടകൾക്കെല്ലാം സാധാരണ വലിപ്പവുമുണ്ടെന്ന പ്രത്യേകതയുമുണ്ട്.
ബിജുവും കുടുംബവും വളർത്തുന്ന 25 കോഴികളിൽ ഒന്നാണിത്. 8 മാസം മുമ്പ് മുന്നാക്ക വികസന പദ്ധതി പ്രകാരം ലോണിലൂടെ കിട്ടിയതാണ് 25 കോഴിക്കുഞ്ഞുങ്ങളും കൂടും. പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന വെങ്കിടേശ്വര ഹാച്ചറിയിൽ നിന്നുള്ള ബി.വി 380 ഹൈബ്രീഡ് ഇനത്തിൽപ്പെട്ടതാണ് കോഴികൾ. അവരുടെ നിർദ്ദേശപ്രകാരമുള്ള തീറ്റകളും മരുന്നുമാണ് നൽകി വരുന്നത്. ഒരു കോഴി 24 മുട്ടകളിട്ട സംഭവം അതിശയമാണെന്നാണ് വെങ്കിടേശ്വര ഹാച്ചറിയിലെ ഡോ.സമ്പത്ത് കുമാർ വ്യക്തമാക്കിയത്.
